കൊച്ചി: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ കർട്ടൻ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ദൃശ്യമാകുന്നത്. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്.
രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലായിരുന്നു ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് രണ്ടാം ഘട്ട പോളിംഗ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. ഇവിടെ 78.29 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ 6,47,378 പേരില്‍ 5,06,823 പേര്‍ വോട്ട് രേഖപ്പെടുത്തി

