പ്രധാന ജംഗ്ഷനുകളില്‍ എല്ലാം ബാരിക്കേഡുകള്‍; ജില്ലാ അതിര്‍ത്തികള്‍ പൂര്‍ണ്ണമായും അടച്ചു; ഇളവുകള്‍ അടിയന്തര സാഹചര്യത്തില്‍ മാത്രം; സാധനം വാങ്ങാനും കൂട്ടത്തോടെ റോഡില്‍ ഇറങ്ങിയാല്‍ പണി കിട്ടും
തിരുവനന്തപുരം: ഒന്‍പത് ദിവസത്തെ ലോക്ഡൗണിന് തുടക്കം. ഇനി അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടി വീഴും. രാവിലെ ആറു മണി മുതല്‍ തന്നെ പൊലീസ് പരിശോധനകള്‍ തുടങ്ങി. പ്രധാന ജംഗ്ഷനില്‍ എല്ലാം പൊലീസ് ബാരിക്കേഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.
സാധനം വാങ്ങാന്‍ അല്ലാതെ ആരും പുറത്തിറങ്ങാന്‍ പാടില്ല. അതും കൂട്ടമായി റോഡിലെത്തിയാല്‍ പൊലീസ് പിഴ ഈടാക്കും. അതിശക്തമായ പരിശോധനയാണ് എങ്ങും. ജില്ലാ അതിര്‍ത്തികളും അടച്ചു. അടിയന്തര സാഹചര്യത്തില്‍ മാത്രമേ ജില്ലകളിലെ അതിര്‍ത്തികളിലൂടെ ആളുകളെ അപ്പുറത്തേക്ക് കടത്തി വിടൂ. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇത്.
അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് പ്രത്യേകം പൊലീസ് പാസ് ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം.
പൊലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച വൈകിട്ടോടെ നിലവില്‍ വരും. അതിനുശേഷം മേല്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കണം. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന് ഹൗസ് ഓഫിസര്‍ തന്നെ നല്‍കും.
വീട്ടിനുള്ളില്‍ പോലും നിയന്ത്രണങ്ങള്‍ വേണമെന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്. അത്രയും ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വീട്ടിനകത്തു രോഗപ്പകര്‍ച്ചയ്ക്കു സാധ്യത കൂടുതലാണെന്നും പുറത്തു പോയി വരുന്നവരില്‍ നിന്നും അയല്പക്കക്കാരില് നിന്നും കോവിഡ് പകരാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, ടിവി കാണല്‍, പ്രാര്‍ത്ഥന എന്നിവ ഒറ്റയ്ക്കോ പ്രത്യേക മുറിയിലോ ആകുന്നതാണു നല്ലത്.
അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍ നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈ സോപ്പിട്ടു കഴുകണം. പുറത്തു പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങള്‍ നിര്‍ബന്ധമായും സോപ്പിട്ടു കഴുകണം, മുഖ്യമന്ത്രി പറഞ്ഞു.
ഏര്‍പ്പെടുത്തുന്നത് കര്‍ശന നിയന്ത്രണങ്ങള്‍
ലോക്ഡൗണ്‍ കാലയളവില്‍ മറ്റു ജില്ലകളിലേക്കുള്ള യാത്രയ്ക്കു കര്‍ശന വ്യവസ്ഥകള്‍. വിവാഹം, മരണാനന്തര ചടങ്ങ്, രോഗിയായ ഏറ്റവും അടുത്ത ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ മറ്റൊരിടത്തേക്കു കൊണ്ടു പോകേണ്ട സാഹചര്യം എന്നിങ്ങനെ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കു മാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. സത്യപ്രസ്താവന കരുതണം.
വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവര്‍ ക്ഷണക്കത്തും സത്യവാങ്മൂലവും കയ്യില്‍ കരുതണം. മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്കു കാര്‍മികത്വം വഹിക്കേണ്ട പുരോഹിതര്‍ക്കു ജില്ല വിട്ടു യാത്ര ചെയ്യാനും മടങ്ങിവരാനും നിയന്ത്രണമില്ല. സ്വയം തയാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ കരുതണം.
പെട്രോള്‍ പമ്പുകള്‍, പാചകവാതക ഏജന്‍സികള്‍, പെട്രോളിയം, കേബിള്‍ സര്‍വീസ്, ഡിടിഎച്ച്, കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസിങ് സുരക്ഷാ ഏജന്‍സികള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. ഇവയുടെ ചില്ലറ വില്പനശാലകളും ശേഖരണ കേന്ദ്രങ്ങളും തുറക്കാം. ആരാധനാലയങ്ങള്‍ പൂര്‍ണമായി അടച്ചിടണം. ഇവിടേക്കു പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല.
എല്ലാവിധ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ സ്ഥാപനങ്ങളും അടച്ചിടും. നിര്‍മ്മാണ മേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാം. തൊഴിലുറപ്പു ജോലിക്കു പരമാവധി 5 പേര് മാത്രം. തുറമുഖങ്ങളില്‍ ലേല നടപടി പാടില്ല. കൃഷി, മത്സ്യബന്ധനം, തോട്ടങ്ങള്‍: തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ചു ജോലിയാകാം.
അതിഥിത്തൊഴിലാളികള്‍: കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി നിര്‍മ്മാണസ്ഥലത്തു തന്നെ താമസവും ഭക്ഷണവും ഉറപ്പാക്കണം. ഇതിനു സാധിക്കാത്ത കരാറുകാര്‍ അവര്‍ക്കു യാത്രാസൗകര്യം ഒരുക്കണം. ബാര്‍, കള്ളുഷാപ്പ്: കള്ളുഷാപ്പുകള്‍, ബാറുകള്‍, മദ്യവില്പന ശാലകള്‍ എന്നിവ തുറക്കില്ല.
റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സേവന സ്ഥാപനങ്ങള്‍, കാപിറ്റല്‍ ആന്‍ഡ് ഡെബ്റ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍ക്കും കോപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.
അഭിഭാഷകര്‍ക്കും ക്ലാര്‍ക്കുമാര്‍ക്കും നേരിട്ട് ഹാജരാകേണ്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാം. ഭക്ഷണ, മെഡിക്കല്‍ വസ്തുക്കള്‍ പാക്കു ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ക്കും വിദേശത്തേക്കു സാധനങ്ങള്‍ അയയ്ക്കുന്ന യൂണിറ്റുകള്‍ക്കും പ്രവര്‍ത്തിക്കാം.
ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ്, ഡയറി ഡവലപ്മെന്റ് വകുപ്പ്, നോര്‍ക്ക എന്നീ വകുപ്പുകളെ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കി. പെട്രോനെറ്റ്, എല്‍എന്‍ജി സപ്ലൈ, വിസ കോണ്‍സുലര്‍ സര്വീസ്ഏജന്സികള്, റീജനല്‍ പാസ്പോര്‍ട്ട് ഓഫിസ്, കസ്റ്റംസ് സര്‍വീസ്, ഇഎസ്ഐ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളെയും ലോക്ഡൗണില്‍നിന്ന് ഒഴിവാക്കി.