ബലി പെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തു പള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ നരഹത്യാ കേസിലെ പ്രതി ഉക്കാസ് മൊട്ടയിലെ റൂബിൻ ഉമറിനെതിരെ തലശ്ശേരി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു .
ആഡംബര വാഹനവുമായി തലശേരി നഗരത്തിലുടനീളം ഈ സംഘം ഭീതി പരത്തിയതിന്റ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു . പ്രതിയെ തേടി പൊലീസ് പാനൂർ , മത്തിപ്പറമ്പ് പ്രദേശങ്ങളിലെ ബന്ധുവീടുകളിൽ റെയ്ഡ് നടത്തി .
കഴിഞ്ഞ ദിവസം കെ മുരളീധരൻ എം പി കൊല്ലപ്പെട്ട അഫ്ലാഹിന്റെ വസതി സന്ദർശിച്ചിരുന്നു. 25 ദിവസമായിട്ടും പ്രതിയെ പിടിക്കാത്തതിനെക്കുറിച്ച് അഫ്ലാഹ് ഫറാസിന്റെ പിതാവ് ആസിഫ് അടക്കമുള്ളവർ കണ്ണീരോടെ എം പിയോട് പരാതി പറയുകയും, എം പി ഉടൻ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയുമായിരുന്നു . പിന്നാലെയാണ് പ്രതി റുബിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് .
ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇയാളെ സംരക്ഷിക്കുന്നവരെയും പ്രതികളാക്കാനാണ് പൊലീസിന്റെ രഹസ്യ നീക്കം. സിഐ കെ സനൽകുമാർ , എ എസ്.ഐ സഹദേവൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ആന്ധ്രയിലും , കർണാടകയിലും പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ട് .
കഴിഞ്ഞ മാസം 27 ന് പ്രതി റൂബിൻ ബൊലേറോ കാറിൽ കർണാടക അതിർത്തി കടന്നതായി പോലീസ് കണ്ടെത്തിയിരുന്നു . റൂബിൻ ബാംഗ്ലൂർ വഴി ഹൈദരാബാദിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ചിട്ടുള്ള സൂചന . ഈ റോഡിലെ പ്രധാന ചെക്പോസ്റ്റുകളിലെ എല്ലാം സിസിടിവി ദൃശ്യം ശേഖരിച്ച് മുന്നേറുകയാണ് അന്വേഷണ സംഘം .