വീടിന് മുന്നിൽ വലിയ ശബ്ദം, കിണർ പൂർണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു, വെള്ളം പതഞ്ഞുപൊങ്ങി

കാസർകോട്: 10 കോൽ ആഴമുള്ള കിണർ വലിയ ശബ്ദത്തോടെ ഭൂമിക്കടിയിലേക്ക് താഴ്ന്നു. കാസർകോട് ചന്തേരയിലെ ടി വി കുഞ്ഞഹമ്മദിന്റെ വീട്ടിലെ ആൾമറയുള്ള കിണറാണ് വീട്ടുകാർ നോക്കിനിൽക്കെ താഴ്ന്നത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടുകാരെ പരിഭ്രാന്തരാക്കിയ അപകടം നടന്നത്.

വീടിൻ്റെ വർക്ക് ഏരിയയ്ക്കു സമീപം വലിയ ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കിണർ താഴുന്നത് കണ്ടത്. ഒരു മിനിറ്റിനകം തന്നെ ആൾമറ കെട്ടിയ കിണർ പൂർണമായും ഭൂമിക്കടിയിലായി. ശബ്ദം കേട്ട് പറമ്പിലെ പണിയെടുക്കുന്ന തൊഴിലാളികൾ പരിഭ്രാന്തരായി പരക്കം പാഞ്ഞു. കിണർ താഴ്ന്നതോടുകൂടി വെള്ളം പതഞ്ഞു പൊങ്ങുന്നതായി കണ്ടുവെന്ന് വീട്ടുകാർ പറയുന്നു.

കിണറിന് 10 അടി ദൂരത്ത് ഒരു ചെറിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ വിവരത്തെ തുടർന്ന് തൃക്കരിപ്പൂരിലെ അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി. വീട്ടുപറമ്പിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാത്രി തന്നെ വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശം നൽകി. അതേസമയം വീടിന് മറ്റ് പ്രശ്നങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി ഭാസ്കരൻ പറഞ്ഞു. കുഞ്ഞഹമ്മദിൻ്റെ രണ്ടു കുടുംബങ്ങളാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

40 വർഷത്തോളം പഴക്കമുള്ള കിണറിന് ആറു വർഷം മുമ്പ് വീട് പണിയുമ്പോൾ ആൾമറയും പണിതിരുന്നു. കഴിഞ്ഞ ദിവസം മാത്രമാണ് പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നത്. ബുധനാഴ്ച മഴ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച പുലർച്ചെ പെയ്ത കനത്ത മഴയിൽ ചന്ദേര റെയിൽവേ സ്റ്റേഷനിലെ പുതുക്കിപ്പണിത പ്ലാറ്റ്‍ഫോം തകർന്നു വീണിരുന്നു.

spot_img

Related Articles

Latest news