താമരശ്ശേരി: സിനിമാ രംഗങ്ങളെ വെല്ലുന്ന നാടകീയമായ സംഘർഷങ്ങൾക്കും തട്ടിക്കൊണ്ടുപോകലിനും സാക്ഷ്യം വഹിച്ച് താമരശേരി കോടതി പരിസരം. കാണാതായ പെൺകുട്ടി കോടതിയിൽ ഹാജരാകാൻ എത്തിയതിനിടെയാണ്കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ പെൺകുട്ടിയെ കാമുകന്റെ സുഹൃത്തുക്കൾ ബലമായി കാറിൽ കയറ്റി കൊണ്ടുപോയി.
കാമുകനൊപ്പം ജീവിക്കാൻ പെണ്‍കുട്ടിക്ക് കോടതി അനുമതി നല്‍കിയതിന് പിന്നാലെ താമരശ്ശേരി കോടതി പരിസരത്താണ് കയ്യാങ്കളിയും കൂട്ടത്തല്ലും.കോടതി വിധിയ്ക്ക് ശേഷം പുറത്തെത്തിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം പോകാൻ ബന്ധുക്കള്‍ അനുവദിക്കാത്തതിനെ തുടർന്നാണ് സംഘർഷം നടന്നത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബലമായി വാഹനത്തില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടെ കാമുകനും സുഹൃത്തുക്കളും തടയുകയായിരുന്നു. ഇതോടെ കോടതി പരിസരത്ത് പെണ്‍കുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ പരുക്കേറ്റ ഏതാനും പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഏപ്രില്‍ 4-ാം തീയതി മുതലാണ് മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിൻ എന്ന പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലിസില്‍ പരാതി നല്‍കിയത്. ഇന്ന് രാവിലെ കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം പെണ്‍കുട്ടി മുക്കം പൊലിസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. പ്രായപൂർത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം ആർക്കൊപ്പം വേണമെങ്കിലും പോകാമെന്ന് കോടതി ഉത്തരവിട്ടു. യുവാവിനൊപ്പം പോകാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം.
കോടതി നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ, വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ നിർബന്ധപൂർവ്വം വാഹനത്തില്‍ കയറ്റാൻ ശ്രമിച്ചത്. ഇതോടെ യുവാവും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ചോദ്യം ചെയ്യുകയും പിന്നാലെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
കോടതി കവാടത്തിന് മുന്നില്‍ വെച്ച് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടി. നാട്ടുകാരും പൊലിസും ചേർന്നാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

