ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
വില വർധനയോടെ പ്രമുഖ നഗരങ്ങളിലെ സിലിണ്ടർ നിരക്ക് കൂടി. കൊച്ചി: 920.50 രൂപ, ഡൽഹി: 913 രൂപ, മുംബൈ: 912.50 രൂപ, ചെന്നൈ: 928.50 രൂപ, കൊൽക്കത്ത: 930 രൂപ എന്നിങ്ങനെയാണ്.
ഫെബ്രുവരിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 49 രൂപയും, ജനുവരി ഒന്നിന് 111 രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വലിയൊരു തുക വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.

