തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിസഭ ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ സജീവമായി. 158 സീറ്റുകള്‍ പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് പത്തുവര്‍ഷത്തിന് ശേഷം ഡിഎംകെ അധികാരത്തിലേറുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ പുതിയ സർക്കാർ അധികാരത്തിലേറും. കൊളത്തൂരില്‍ ഹാട്രിക് വിജയം നേടിയാണ് എം കെ സ്റ്റാലിന്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെയാണ് ഡിഎംകെയുടെ മിന്നുന്ന വിജയം.