ബംഗളൂരു: പി.ഡി.പി ചെയര്മാന് അബുദുന്നാസര്‍ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയില്‍. ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മഅ്ദനി രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കാന് സുപ്രിം കോടതിയെ സമീപിച്ചത്. നിരവധി രോഗങ്ങളാല്‍ വലയുന്ന തന്റെ സാന്നിധ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാമെന്നും അദ്ദേഹം പറയുന്നു.
നേരത്തെ 2014 ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. അന്ന് വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിക്ക് നല്കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വളരെ മന്ദഗതിയിലായിരുന്ന കോടതി നടപടിക്രമങ്ങള്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ നിലക്കുകയും ചെയ്തു.
ജഡ്ജി മാറിയപ്പോള്‍ പുതിയ ജഡ്ജിയെ നിയമിക്കാത്തത്, സാക്ഷികളെ ഹാജരാക്കാത്തത്, സാക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ ഹാജാരാകാത്തത്, 2 തവണ പ്രോസിക്യൂട്ടറെ മാറ്റിയതുള്‍പ്പെടെ വിചാരണയിലെ പ്രശ്നങ്ങളും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രിം കോടതി അഭിഭാഷകന് അഡ്വ. ഹാരീസ് ബിരാന് മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.