ശാസ്താംകോട്ട: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജന്മനാട്ടിലേക്കെത്തുന്ന അബ്ദുന്നാസർ മഅ്ദനിയെ സ്വീകരിക്കാൻ ജന്മനാടൊരുങ്ങി. ബലി പെരുന്നാൾ ഇത്തവണ കുടുംബത്തോടൊപ്പം ആഘോഷിക്കാനായതിന്റെ സന്തോഷത്തിലാണ് മഅ്ദനിയും. രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനാണ് മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
83 ദിവസം നാട്ടിലെത്താൻ അനുമതി ഉണ്ടായിരുന്നെങ്കിലും പോലീസ് സുരക്ഷക്ക് 60 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് ബി ജെ പി സർക്കാർ നിബന്ധന വെച്ചതോടെ മഅ്ദനി യാത്ര ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കർണാടകയിൽ കോൺഗ്രസ് സർക്കാർ ആയതോടെ മഅ്ദനിക്ക് നാട്ടിലേക്ക് വരാനുള്ള വഴികൾ തെളിയുകയായിരുന്നു.
ബെംഗളൂരുവിൽ നിന്ന് വിമാന മാർഗം നെടുമ്പാശ്ശേരിയിലെത്തുകയും അവിടെ നിന്ന് റോഡ് മാർഗം മൈനാഗപ്പള്ളിയിലെ കുടുംബ വീട്ടിൽ എത്തുകയും ചെയ്യും. അൻവാർശ്ശേരിയിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. സുപ്രീം കോടതി വിധി പ്രകാരം 12 ദിവസം മാത്രമാണ് ബാക്കിയുള്ളത്.