2 ദിവസത്തിനിടെ പൊലിഞ്ഞത് 129 ജീവനുകള്‍
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത പേമാരിക്കിടെ റായ്ഗഡ്, സത്താറ ജില്ലകളിലുണ്ടായ മണ്ണിടിച്ചിലില്‍ 61 പേരും മുംബൈ ഗോവണ്ടിയില്‍ കെട്ടിടം തകര്‍ന്നുവീണ് 4 പേരും മരിച്ചു. ഇതോടെ 129 ജീവനുകളാണ് 2 ദിവസത്തിനിടെ സംസ്ഥാനത്തുണ്ടായ മഴക്കെടുതികളില്‍ പൊലിഞ്ഞത്.
കൊങ്കണിലെ റായ്ഗഡ്, രത്‌നഗിരി, പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ, കോലാപുര്‍ ജില്ലകളില്‍ 2 ദിവസം തുടര്‍ച്ചയായി പെയ്ത അതിതീവ്രമഴയാണ് ദുരന്തകാരണം. വെള്ളപ്പൊക്കത്തില്‍ ഒട്ടേറെ ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.
വെള്ളവും ഭക്ഷണവും വൈദ്യുതിയും ഫോണ്‍ നെറ്റ്‍വര്‍ക്കും ഇല്ലാതെ വന്നതോടെ ദുരിതം ഇരട്ടിച്ചു. കോലാപുരില്‍ ബസ് നദിയിലേക്ക് ഒഴുകി വീഴുന്നതിനു തൊട്ടുമുന്‍പ് 11 പേരെ അത്‌ഭുതകരമായി രക്ഷിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നു. വന്‍തോതില്‍ കൃഷിനാശവുമുണ്ട്.
നാവിക, വ്യോമ, കരസേനകളും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആയിരക്കണക്കിനാളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്കു മാറ്റി. ഒട്ടേറെപ്പേരെ സേനാ കോപ്റ്ററുകളിലാണ് രക്ഷിച്ചത്.
കൊങ്കണ്‍ പാതയില്‍ വ്യാഴാഴ്ച മുടങ്ങിയ ട്രെയിന്‍ ഗതാഗതം ഇന്നലെയും പുനരാരംഭിച്ചില്ല. ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
മലയാളികളടക്കം ആയിരക്കണക്കിനു പേര്‍ വലഞ്ഞു. മുംബൈയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണു റായ്ഗഡ് ജില്ല. ഇവിടെ തലിയെ ഗ്രാമത്തില്‍ 38, പോലാഡ്പുരില്‍ 11 എന്നിങ്ങനെയും 280 കിലോമീറ്റര്‍ അകലെ പുണെ മേഖലയിലെ സത്താറ ജില്ലയില്‍ അംബേഘറില്‍ 10, വായി ഗ്രാമത്തില്‍ 2 പേരുമാണു മണ്ണിടിച്ചിലില്‍ മരിച്ചത്.