കരുനാഗപ്പളളിയിലെ നിയുക്ത എം.എൽ.എ സി.ആർ മഹേഷിന്റെ പ്രഥമ ചടങ്ങ് വോട്ടെണ്ണൽ പിറ്റേന്ന് തന്നെ ജീവകാരുണ്യ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ആരംഭിച്ചു.
നന്മ വണ്ടിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലെ കിടത്തി ചികിൽസയിലുള്ള ക്ഷയരോഗ ബാധിതർ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗികൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും നടന്നു വരുന്ന പ്രാതൽ വിതരണ ചടങ്ങിൽ അതിഥിയായിട്ടാണ് സി.ആർ മഹേഷ് പങ്കെടുത്തത്. രോഗികൾക്ക് പ്രാതൽ വിതരണം ചെയ്യുന്നതിനും മഹേഷ് നേതൃത്വം നൽകി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെറിയ മാർജിനിൽ പരാജയമടഞ്ഞെങ്കിലും കഴിഞ്ഞ അഞ്ചു വർഷമായി ഇത്തരം നിരവധി സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയ നേതൃപരമായ പിന്തുണയുമായി മണ്ഡലത്തിൽ നിറഞ്ഞ് നിന്നതാണ്, ഇത്തവണ സിറ്റിങ്ങ് എം എൽ എ യെ അട്ടിമറിച്ച് വൻ വിജയം നേടാൻ മഹേഷിന് കരുത്തായത്.
ഓരോ പ്രഭാതങ്ങളിലും വ്യത്യസ്തമായ പ്രാതൽ വിഭവങ്ങൾ ഒരുക്കി വിതരണം ചെയ്യുന്നത് രോഗികൾക്കും , കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വാസമാണ് നൽകുന്നത്. അൻപതോളം പേർക്കുള്ള പ്രാതൽ ആണ് കഴിഞ്ഞ എൻപത്തി മൂന്ന് ദിവസമായി നിത്യവും ആശുപത്രി വളപ്പിൽ വിതരണം ചെയ്യുന്നത്.
വിളയിൽ അനിയൻ, രതീദേവി, നൻമ വണ്ടിയുടെ സംഘാടകരായ എം.കെ. ബിജു മുഹമ്മദ് , അബ്ദുൽ ഷുക്കൂർ , ഹാരിസ് ഹാരി, തൊടിയൂർ സന്തോഷ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.