മലബാര്‍ ഗോള്‍ഡിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി ആഗോള തലത്തിലേക്ക്

കൊച്ചി: ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വവലറി ഗ്രൂപ്പും സിഎസ്ആര്‍ മേഖലയില്‍ ഇന്ത്യയിലെ മുന്‍നിരക്കാരുമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് കാമ്പയിന്‍ എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ദുബായ് ഗോള്‍ഡ് സൂക്കിലെ മലബാര്‍ ഇന്റര്‍നാഷണല്‍ ഹബ്ബില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെ.പി. ദുബായിലെ എത്യോപ്യ കോണ്‍സല്‍ ജനറല്‍ അസ്‌മെലാഷ് ബെക്കെലെയ്ക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് കൈമാറി.

 

ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് എത്യോപ്യയിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഏറ്റവും ശ്രദ്ധേയമായ ഇഎസ്ജി – പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണം സംരംഭങ്ങളില്‍ ഒന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ്. നിലവില്‍ ആഗോള തലത്തില്‍ 119ഓളം സ്ഥലങ്ങളില്‍ നിത്യേന 1,15,000 പേര്‍ക്കാണ് പദ്ധതി പ്രകാരം ഭക്ഷണം നല്‍കുന്നത്. സാംബിയയിലെ മൂന്ന് സ്‌കൂളുകളിലായി 2024 മേയ് മുതല്‍ ഒന്‍പത് ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഫലം കണ്ടതിനെ തുടര്‍ന്നാണ് എത്യോപിയയിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. മാതാപിതാക്കളെയും അധ്യാപകരെയും പ്രാദേശിക അധികാരികളെയം ഉള്‍പ്പെടുത്തി സ്‌കൂളുകള്‍, വിതരണക്കാര്‍, മറ്റു പങ്കാളികള്‍ എന്നിവരുമായി സഹകരിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ ഓറോമിയാ പ്രദേശത്തുള്ള ആദാമ സിറ്റിയിലെ ഏകദേശം 11,000 കുട്ടികള്‍ പഠിക്കുന്ന അഞ്ച് സ്‌കൂളുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ ഭക്ഷണ പദ്ധതിയ്ക്ക് പുറമെ സ്‌കോളര്‍ഷിപ്പുകള്‍, മെന്റര്‍ഷിപ് പ്രോഗ്രാമുകള്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും എത്യോപിയയില്‍ നടപ്പിലാക്കും.

ഇന്ത്യയില്‍ നിയമപരമായി നിര്‍ബന്ധിതമാക്കിയ സി.എസ്.ആര്‍ വിഹിതത്തിന്റെ ഇരട്ടിയിലധികം തുക, അതായത് ലാഭത്തിന്റെ അഞ്ച് ശതമാനം സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സിഎസ്ആറിന്റെ വ്യാപ്തിയും ആത്മാര്‍ത്ഥതയും പുനര്‍നിര്‍വചിക്കുകയാണ്. ബ്രാന്‍ഡിന്റെ സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും കമ്പനിയുടെ ലാഭത്തിന്റെ അഞ്ച് ശതമാനം അതത് രാജ്യങ്ങളിലെ സിഎസ്ആര്‍/ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്.

 

ഉത്തരവാദിത്തമുള്ള ഒരു ജ്വല്ലറി എന്ന നിലയില്‍ ബിസിനസിനേക്കാളുപരി തങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തിനോടുള്ള കടമ നിറവേറ്റുന്നതാണ് ഇത്തരം പദ്ധതികളെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. എത്യോപ്യന്‍ സര്‍ക്കാരുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 8.64 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ബ്രാന്‍ഡിന്റെ തീരുമാനം. 2026ന്റെ അവസാനത്തോടെ 10,000 കുട്ടികള്‍ക്ക് പ്രതിദിനം പോഷകസമൃദ്ധമായ ഭക്ഷണം നല്‍കാനും വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ലോകമെമ്പാടും പട്ടിണി അനുഭവിക്കുന്ന മനുഷ്യരുടെ വിശപ്പിനെ അകറ്റുക, വിദ്യാഭ്യാസ മേഖലയില്‍ സമത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍സലാം പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ സസ്‌റ്റൈനബിള്‍ ഡെവെലപ്‌മെന്റ് ഗോളുകളെ പിന്തുണയ്ക്കുന്നതാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി. പ്രത്യേകിച്ച് സീറോ ഹംഗര്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നു.

spot_img

Related Articles

Latest news