രാജ്യത്തിനകത്തും വിദേശത്തുമുള്ള ടൂറിസം ഓപ്പറേറ്റർമാരുടെ പിന്തുണയോടെ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിച്ച് മലബാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാന ടൂറിസം വകുപ്പ് ‘ഫാം 2 മലബാർ 500’ എന്ന നൂതന വിപണന പദ്ധതി നടപ്പിലാക്കുന്നു.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടെയുള്ള മലബാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിന് ഇന്ത്യയിലും പുറത്തുമുള്ള 500 ടൂർ ഓപ്പറേറ്റർമാരെ ‘ഫെമിലിയറൈസേഷൻ ടൂർ’ അഥവാ ‘ഫാം ടൂറിന്റെ ഭാഗമായി ഈ വർഷം എത്തിക്കുന്ന പദ്ധതിയുടെ ലോഗോ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു വി, കണ്ണൂർ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് എന്നിവരും സന്നിഹിതരായിരുന്നു.
ദേശീയ-രാജ്യാന്തര ശ്രദ്ധയിലേക്ക് മലബാറിനെ കൊണ്ടുവരികയും ആഭ്യന്തര വിദേശ ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജുകളിൽ മലബാറിന് സ്ഥാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു പുറമേ മലബാറിന്റെ സാംസ്‌ക്കാരിക-ഭക്ഷണ വൈവിധ്യവും മറ്റ് പ്രത്യേകതകളേയും പരിചയപ്പെടുത്തും. ഫെമിലിയറൈസേഷൻ ടൂറിൽ പങ്കാളികളാകുന്ന വിവിധ ഏജൻസികൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ സംഘടനകൾക്കും ഫാം 2 മലബാർ 500 ന്റെ ഭാഗമായിക്കൊണ്ട് മലബാറിലേയ്ക്ക് ടൂർ ഓപ്പറേറ്റർമാരെ കൊണ്ടുവരാനാകും. ഫാം 2 മലബാർ 500 ന്റെ ആദ്യ ഫാം ട്രിപ്പ് ജനുവരി 17 ന് കണ്ണൂരിലെത്തും. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സാണ് ‘മിസ്റ്റിക്കൽ മലബാർ’ എന്ന പേരിലുള്ള ഈ ഫെമിലിയറൈസേഷൻ ടൂറിന് നേതൃത്വം നൽകുന്നത്.
പൂനെ, മുംബൈ, കോലാപൂർ, ബംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 70 ടൂർ ഓപ്പറേറ്റർമാർ 17 മുതൽ 20 വരെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. 17 ന് കണ്ണൂരിലെ തെയ്യക്കാവിൽ നേരിട്ട് തെയ്യം കാണുന്നതിനും 18 ന് പൂരക്കളി, കോൽക്കളി, കളരിപ്പയറ്റ് തുടങ്ങിയവ ആസ്വദിക്കുന്നതിനും സൗകര്യം ഒരുക്കും. പൈതൽമല, തലശ്ശേരി ഫോർട്ട്, മുഴപ്പിലങ്ങാട് ബീച്ച്, ആറളം വന്യജീവിസങ്കേതം, ബേക്കൽ ഫോർട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. വലിയപറമ്പ കായലിൽ ഹൗസ് ബോട്ടിങ്ങിനും നോർത്ത് മലബാർ ചേംബർ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
മലബാറിന് പ്രാമുഖ്യം നൽകുന്ന ഈ പദ്ധതി കേരളത്തിന്റെ അഭിമാനമായ കാരവൻ ടൂറിസത്തിന് കരുത്തേകും. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വളരെ മികച്ച പ്രതികരണം നേടിയെടുക്കാൻ കാരവൻ ടൂറിസത്തിന് കഴിഞ്ഞിട്ടുണ്ട്. 122 സംരംഭകർ 236 കാരവനുകൾക്ക് ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 87 കാരവൻ പാർക്കുകൾ നിർമ്മിക്കുന്നതിന് 59 നിക്ഷേപകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫാം 2 മലബാർ 500 ന്റെ ഭാഗമായി എത്തുന്ന ടൂർ ഓപ്പറേറ്റർമാർക്കും പൊതു ജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും വിവിധ കമ്പനികളുടെ കാരവനുകളും ക്യാംപിങ് ട്രക്കുകളും കാണുന്നതിനുള്ള സൗകര്യം ജനുവരി 18 ന് രാവിലെ എട്ട് മുതൽ രാത്രി 10 വരെ കണ്ണൂർ പുതിയതെരുവിലെ ഹോട്ടൽ മാഗ്‌നറ്റിൽ ഒരുക്കും. കാരവൻ ടൂറിസത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന മലബാർ മേഖലയിലെ സംരംഭകർക്ക് കാരവൻ കമ്പനി പ്രതിനിധികളുമായി സംവദിക്കാനുമാകും.
Mediawings: