മലപ്പുറത്ത് ഗവ. ആശുപത്രികള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കലക്ടറുടെ പണപ്പിരിവ്; പ്രതിഷേധം

മലപ്പുറം- കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുള്ള മുന്നൊരുക്കമായി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും അടിസ്ഥാന സൗകര്യമൊരുക്കാനും പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രാണവായു എന്ന പേരില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള പദ്ധതി നടന്‍ മമ്മുട്ടിയാണ് കഴിഞ്ഞ ദിവസം ഉല്‍ഘാടനം ചെയ്തത്. പദ്ധതി പ്രകാരം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 20 കോടിയുടെ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. അതേസമയം പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുമെന്നും പറയുന്നു. എല്ലാ ജില്ലകളിലും ഇത്തരം ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഇനത്തില്‍ മലപ്പുറത്തിന് എത്ര ലഭിച്ചിട്ടുണ്ടെന്നും വ്യക്തമല്ല. ഈ 20 കോടി പൂര്‍ണമായും ജനങ്ങളില്‍ പരിച്ചെടുക്കുകയാണോ അതോ സര്‍ക്കാര്‍ വിഹിതമുണ്ടോ എന്നതു സംബന്ധിച്ചും വ്യക്തതയില്ല.

 

എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പണം ചെലവിടുമ്പോള്‍ മലപ്പുറം ജില്ലയില്‍ എന്തിന് പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചെടുക്കുന്നു എന്ന ചോദ്യമാണ് നിരവധി പേര്‍ ഫേസ്ബുക്കില്‍ ഉന്നയിക്കുന്ന ചോദ്യം. നികുതിദായകരായ പൗരന്മാരുടെ പണം ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യത്തിന് വീണ്ടും പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തുകയാണെന്നാണ് ആക്ഷേപം.

 

ഈ പദ്ധതി സഹായിക്കാന്‍ സന്നദ്ധ, ചാരിറ്റി സംഘടനകളോട് കലക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം പരസ്യപ്പെടുത്തി പൊതുജനങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള ഈ നീക്കത്തിനെതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ തുടങ്ങിയ പ്രതിഷേധം വിവിധ സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. പ്രാണവായു പദ്ധതിയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ജില്ലയിലെ എംപിമാരും എംഎല്‍എമാരും പറയുന്നു.

പദ്ധതിയെ കുറിച്ച് ജില്ലാ കലക്ടര്‍ പറയുന്നത് ഇങ്ങനെ:

ജില്ലയിലെ ജനങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനും നിലവിലുള്ള കോവിഡ് മഹാമാരി അതിജീവിക്കുന്നതിനും ഭാവിയില്‍ ഇത്തരം രോഗങ്ങളുണ്ടാവുമ്പോള്‍ ആവശ്യമായ പ്രതിരോധ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനുമാണ് ‘പ്രാണവായു’ പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കും. ഓക്‌സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്‌സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്‌സിജന്‍ കോണ്‍സന്റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്‌സിജന്‍ സിലണ്ടറുകള്‍, സെന്റെര്‍ ഓക്‌സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്‌പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിലേക്ക് വേണ്ടി വരുന്ന ഉപകരണങ്ങള്‍. പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിനായി ഉറപ്പാക്കും.

spot_img

Related Articles

Latest news