മലപ്പുറം: മമ്പാട് ഒടായിക്കൽ കരിക്കാട്ടുമണ്ണ ഭാഗത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ പോത്തിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി 7 മണിയോട് കൂടിയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂർ അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പോത്തിനെ രക്ഷപെടുത്തി കരക്കെത്തിച്ചു.
ഫയർ റെസ്ക്യൂ ഓഫീസർമാരായ വി.സലീം,ടി.കെ നിഷാന്ത്, സിവിൽ ഡിഫൻസ് അംഗം കെ.അബ്ദ്ദുൽ മജീദ് എന്നിവർ 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി റോപ്പ്, ബെൽറ്റ്, ലാഡർ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെയും സിവിൽ ഡിഫൻസ് അംഗങ്ങളുടെയും സഹായത്തോടെയാണ് പോത്തിനെ പുറത്തെത്തിച്ചത്. മമ്പാട് പഞ്ചായത്തിലെ കരിക്കാട്ടുമണ്ണ പാക്കുളത്ത് ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് വയസ് പ്രായമുള്ള പോത്താണ് കിണറ്റിൽ ചാടിയത്.
അഗ്നിശമനസേന ഉദ്യോഗസ്ഥരുടെ ദീർഘനേരത്തെ പരിശ്രമത്തിന് ശേഷമാണ് രാത്രിയിൽ പോത്തിനെ കരക്കെത്തിച്ചത്. നിലമ്പൂർ അഗ്നി രക്ഷാ സേനയിലെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഒ.കെ അശോകൻ, സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ എൽ. ഗോപാലകൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ എം ഷിന്‍റു, സി .വിനോദ്,എ.ശ്രീരാജ് , എം നിസാമുദ്ധീൻ, കെ.പി അമീറുദീൻ സിവിൽ ഡിഫൻസ് അംഗങ്ങളായ ഷഹബാൻ മമ്പാട്, ബിബിൻ പോൾ, കെ അബ്ദുൾ മജീദ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.