മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നാളെ (7 സെപ്റ്റംബർ 2021 )എഴുപതിന്റെ നിറവിലേക്ക് കടക്കുകയാണ്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാവരും മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറായിരിക്കുകയാണ്.
മുഹമ്മദ് കുട്ടി പനപ്പറമ്പിൽ ഇസ്മായിൽ (ജനനം 7 സെപ്റ്റംബർ 1951) സജിൻ എന്ന പുത്തൻ പേരിൽ നടത്തിയ പരീക്ഷണം വിജയിക്കാതിരുന്നപ്പോഴാണ് സ്വന്തം പേരായ മമ്മൂട്ടി തന്നെ സിനിമയിലും ഉപയോഗിച്ചത്. മലയാള സിനിമ ലോകം അതങ്ങു ഏറ്റെടുക്കുകയായിരുന്നു.ഇന്ത്യക്കകത്തും ഒരു പക്ഷെ ലോകസിനിമക്കും അത്രമാത്രം പരിചിതമായിട്ടുണ്ടാകും ആ നാമം.
നാല് പതിറ്റാണ്ടിലേറെ നീണ്ട ഒരു കരിയറിൽ, 400 -ൽ അധികം സിനിമകൾ . മലയാളത്തിനപ്പുറം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ എന്നെന്നും ഓർമ്മിക്കുന്ന നിരവധി കഥാപാത്രങ്ങൾ മമ്മൂട്ടിയുടേതായുണ്ട്
നിയമബിരുദധാരിയായ മമ്മൂട്ടി 2 വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുഴുവന്‍ സമയ അഭിനയത്തിലേക്ക് കടന്നത്. 1971 ഓഗസ്റ്റ് 6 നായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്.
പിന്നീട് വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന സിനിമയിലൂടെ പ്രധാനവേഷം ലഭിച്ചു. 1980ല്‍ കെ.ജി ജോര്‍ജ്ജിന്റെ മേള എന്ന നായകവേഷം. 11982 ല്‍ കെ.ജി ജോര്‍ജ്ജിന്റെ തന്നെ യവനികയിൽ പോലീസ് ഉദ്യോഗസ്ഥനായി നിറഞ്ഞാടി മലയാള സിനിമ പ്രേക്ഷകർക്ക് മാറ്റിനിർത്താൻ പറ്റാത്ത പേരായി മമ്മൂട്ടിയുടേത്.
മമ്മൂട്ടി മികച്ച നടനുള്ള മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും പതിമൂന്ന് ഫിലിംഫെയർ അവാർഡ് സൗത്തും നേടിയിട്ടുണ്ട്. 1998 -ൽ, കലയ്ക്ക് നൽകിയ സംഭാവനകൾക്കായി ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്നും 2010 ഡിസംബറിൽ കോഴിക്കോട് സർവകലാശാലയിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്. മലയാളം ടെലിവിഷൻ ചാനലുകളായ കൈരളി ടിവി, കൈരളി ന്യൂസ്, കൈരളി ഡബ്ല്യുഇ ടിവി എന്നിവ നടത്തുന്ന മലയാളം കമ്മ്യൂണിക്കേഷൻസിന്റെ ചെയർമാനാണ് മമ്മൂട്ടി. ഇന്ത്യയിലെ ആദ്യത്തെ ജില്ലാതല ഇ-സാക്ഷരതാ പദ്ധതിയായ അക്ഷയ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറാണ് അദ്ദേഹം. കാൻസർ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രക്ഷാധികാരിയാണ്.
മീഡിയവിങ്സിന്റെ ജന്മദിന ആശംസകൾ