റിയാദ്: തന്റെ വീട്ടിലെത്തിയ കൂട്ടുകാരുമായി സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പില്‍ മുഹമ്മദ് നിയാസ് (37) ആണ് ശനിയാഴ്ച രാത്രി സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവില്‍ മരിച്ചത്.
റിയാദില്‍ നിന്നുമെത്തിയ സുഹൃത്തുക്കളെ വീട്ടില്‍ സ്വീകരിച്ച് സംസാരിക്കുന്നതിനിടേ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 12 വർഷത്തോളമായി യാംബുവില്‍ ജോലി ചെയ്തുവരികയായിരുന്ന നിയാസ് ഫൈസല്‍ അല്‍ നഈമി ലിമിറ്റഡ് കമ്പനിയുടെ വെസ്റ്റേൻ റീജിയനല്‍ മാനേജറായിരുന്നു . ഭാര്യ റൈഹാനത്ത് യാംബു അല്‍മനാർ ഇൻ്റർനാഷനല്‍ സ്കൂള്‍ ജീവനക്കാരിയാണ്.
ചെറുവളപ്പില്‍ ആലി മുഹമ്മദ്, സൈനബ ദമ്പതികളുടെ മകനാണ് നിയാസ്. ഏക മകൻ റയ്യാൻ മുഹമ്മദ് അല്‍മനാർ ഇന്റർനാഷനല്‍ സ്‌കൂള്‍ യു.കെ.ജി വിദ്യാർഥിയാണ്.
സഹോദരങ്ങള്‍: മുഹമ്മദ് ബഷീർ,നജീബ്, അബ്ദുന്നാസർ, സലിം, നവാസ്. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹവുമായി ബന്ധപ്പെട്ട് നടപടികള്‍ പൂർത്തിയാക്കാൻ കമ്പനി അധികൃതരും അല്‍മനാർ സ്കൂള്‍ അധികൃതരും സാമൂഹിക സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.