കവര്‍ച്ചയ്ക്ക് ശേഷം പണവുമായി ഓടിയ കളളനെ കാല്‍ വച്ച് താഴെ വീഴ്ത്തിയ മലയാളിയാണ് ഇപ്പോള്‍ ദുബായിൽ താരം. വടകര വളളിയോട് പാറപ്പുറത്ത് ജാഫറിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് 30കാരനായ യുവാവിന് വലിയൊരു നഷ്ടം ഇല്ലാതായത്.
കഴിഞ്ഞ ദിവസം ബനിയാ സ്‌ക്വയര്‍ ലാന്‍ഡ് മാര്‍ക് ഹോട്ടലിന് സമീപമുളള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം. വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലെത്തിയതായിരുന്നു ജാഫര്‍. ബന്ധുവിന്റെ ജ്യൂസ് കടയില്‍ സഹായിച്ച് നില്‍ക്കുമ്പോഴാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയില്‍ ‘കളളന്‍, കളളന്‍ പിടിച്ചോ’ എന്ന് അലറി വിളിച്ചത്. കടയ്ക്ക് അകത്തായിരുന്ന ജാഫര്‍ ഉടന്‍ വെളിയിലേക്കിറങ്ങി. സൈഡില്‍ നിന്നും പാഞ്ഞു വരുന്ന കള്ളനെ കണ്ട ജാഫര്‍ അടുത്തെത്തിയതും കാല്‍ വച്ച് കളളനെ താഴെ വീഴ്‌ത്തുകയായിരുന്നു.
ജാഫറിന്റെ പെട്ടന്നുള്ള ഇടപെടല്‍ കള്ളനും പ്രതീക്ഷിച്ചതല്ല. ഇതോടെ, കള്ളന്റെ സമനില തെറ്റി. താഴെ വീണ കള്ളന്‍ വീണ്ടും എണീറ്റ് ഓടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിവര്‍ പിടി കൂടുകയായിരുന്നു. ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടു പോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ കിട്ടിയതെന്നാണ് വിവരം.