അബുദാബി: യുഎഇയില്‍ ദീർഘകാലമായി ഫോട്ടോ ജേണലിസ്റ്റായി പ്രവർത്തിച്ചിരുന്ന മലയാളി മരിച്ചു. തൃശൂർ എറിയാട് സ്വദേശി മണ്ടായപ്പുറത്ത് എംകെ അബ്ദുല്‍റഹ്‌മാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയില്‍ മരിച്ചത്.70 വയസ്സായിരുന്നു. ഗള്‍ഫ് ന്യൂസില്‍ ചീഫ് ഫോട്ടോഗ്രാഫറായി ജോലി ചെയ്ത് വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. സന്ദർശന വിസയില്‍ രണ്ട് മാസം മുൻപാണ് തിരികെയെത്തിയത്. അടുത്ത ആഴ്ച വീണ്ടും മടങ്ങാൻ ഇരിക്കെയാണ് മരണം.
1976ല്‍ ദുബൈയിലെത്തിയ അബ്ദുല്‍റഹ്‌മാൻ 1982ലാണ് ഗള്‍ഫ് ന്യൂസില്‍ ജോലി ആരംഭിച്ചത്. യുഎഇയില്‍ നടക്കുന്ന ഔദ്യോഗിക പരിപാടികളിലും സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം ഭരണാധികാരികളുമായും വ്യവസായികളുമായും സംഘടനാ ഭാരവാഹികളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു.
കാലിക്കറ്റ് സർവ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സില്‍ ബിരുദം നേടിയ അബ്ദുല്‍റഹ്‌മാൻ തേജസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫിയില്‍ നിന്ന് ഫോട്ടോഗ്രഫിയില്‍ ഡിപ്ലോമ നേടി. യുഎഇയില്‍ എത്തിയ ശേഷം ദേര സബ്ക്കയിലെ അല്‍ അഹ്‌റം സ്റ്റുഡിയോ ആൻഡ് ഷോപ്പ്‌സില്‍ ആണ് ആദ്യം ജോലി ചെയ്ത് തുടങ്ങിയത്. പിന്നീട് അല്‍ ഇത്തിഹാദ് സ്റ്റുഡിയോയിലേക്ക് മാറിയത്.
നസീം ആണ് ഭാര്യ. മക്കള്‍: ഫാസില്‍, ഫായിസ. മരുമക്കള്‍: ഷിഫാന, ഷെഹീൻ. ഇന്ന് വൈകിട്ട് നാലു മണിക്ക് ബനിയാസ് കബർസ്ഥാനില്‍ കബറടക്കും.