ദോഹ : ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുമെന്ന ലാസര്‍ ഇഗ്നോവിച്ചിന്റെ വാചകത്തെ അന്വര്‍ത്തമാക്കുകയാണ് ലോകകപ്പിലെ മലയാളി വോളണ്ടിയര്‍ നബ്ഷ.
മൂന്നു മാസം പ്രായമായ കൈക്കുഞ്ഞുമായി നബ്ഷ ലോകകപ്പിലെ സേവകരുടെ സേനയില്‍ വ്യത്യസ്തയാകുകായാണ്.
മലപ്പുറം വളാഞ്ചേരി സ്വദേശിനിയും ഖത്തറില്‍ അധ്യാപികയുമായ നബ്ഷ തടത്തിപറമ്ബില്‍ ഫിഫ ലോകകപ്പിലെ പ്രധാന മീഡിയ സെന്ററിലെ അക്രഡിറ്റേഷന്‍ലീഡര്‍മാരിലൊരാളാണ്. സ്‌കൂള്‍-കോളേജ് കാലംമുതല്‍ സേവന പ്രവര്‍ത്തനങ്ങളോടുള്ള ഇഷ്ടമാണ് ടൂര്‍ണമെന്റുകളിലെ വോളണ്ടിയര്‍ ആകാനുള്ള ആഗ്രഹത്തിന് പിന്നില്‍. സന്നദ്ധ സേവനം മനസിന് സംതൃപ്തിയും അതിലുപരി മനസിനും ജീവിതത്തിനും ഉണര്‍വും ഊര്‍ജവുമാണെന്ന് നബ്ഷ പറയുന്നു.
സ്‌കൂളിലെ അധ്യാപിക സ്ഥാനം തല്‍ക്കാലികമായി രാജി വെച്ചാണ് വൊളന്റിയറിങ്ങില്‍ സജീവമായത്. 2021ല്‍ അറബ് കപ്പില്‍ വൊളന്റിയര്‍ ആയി സേവനം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗര്‍ഭിണിയാണെന്ന സന്തോഷം കൂടി എത്തിയത്. ഗര്‍ഭിണിയായതു കൊണ്ട് വൊളന്റിയര്‍ ആകാനുള്ള ആഗ്രഹം മാറ്റിവെയ്ക്കാന്‍ നബ്ഷ തയാറായില്ല. ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും അവയെല്ലാം തരണം ചെയ്താണ് തൊട്ടുപിന്നാലെ എത്തിയ ഫിഫ കോണ്‍ഗ്രസ്, ലോകകപ്പിന്റെ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന്റെ ഇന്റര്‍വ്യൂ പാനല്‍ (പയനിയേഴ്‌സ്) എന്നിവയിലെല്ലാം നബ്ഷ പങ്കെടുത്തത്.
ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മുജീബ് റഹ്‌മാനും മക്കളായ 13 കാരി നഷ്‌വ മുജീബും 10 വയസുകാരന്‍ ഷാന്‍ റഹിമാനും വൊളന്റിയറിങ് മേഖലയിലെ അധികൃതരും സഹപ്രവര്‍ത്തകരുമെല്ലാം നബ്ഷയ്ക്ക് കരുത്തായി കൂടെ നിന്നു. രണ്ടു മാസം നീണ്ട വൊളന്റിയര്‍ തിരഞ്ഞെടുപ്പില്‍ 41 സെഷനുകളിലായി അഞ്ഞൂറിലധികം പേരെയാണ് നബ്ഷ ഇന്റര്‍വ്യൂ ചെയ്തത്. ഗര്‍ഭകാലത്തിന്റെ 8-9 മാസങ്ങളിലാണിത്. കൂടുതല്‍ സമയം ഇരുന്നു ചെയ്യേണ്ട ജോലി. പക്ഷേ ബുദ്ധിമുട്ടുകളെ അതിജീവിക്കാന്‍ സഹപ്രവര്‍ത്തകര്‍ താങ്ങും തണലുമായി ഒപ്പം നിന്നതിനാല്‍ ക്ഷീണം അറിഞ്ഞില്ലെന്ന് നബ്ഷ പറയുന്നു. പ്രസവത്തിനു രണ്ടു ദിവസം മുന്‍പ് വരെ വോളണ്ടിയര്‍ സേവനം ചെയ്ത ശേഷമാണ് അര്‍വ ഐറിന്‍ എന്ന കൊച്ചുസുന്ദരിയെ പ്രസവിച്ചത്.
അറബ് കപ്പില്‍ തുടങ്ങിയ വോളണ്ടിയര്‍ സേവനം ഫിഫ കോണ്‍ഗ്രസും കടന്ന് ലോകകപ്പിലേയ്ക്ക് എത്തിയപ്പോഴേയ്ക്കും ഐറിന്‍ എന്ന കൊച്ചുസുന്ദരിയും അമ്മയ്‌ക്കൊപ്പം ചേര്‍ന്നു. ആരാധകര്‍ക്ക് രാജ്യത്തെത്തുമ്ബോള്‍ സ്റ്റേഡിയം, അക്കോമഡേഷന്‍, ഫാന്‍ സോണുകള്‍ ഇവിടങ്ങളിലേയ്ക്ക് എങ്ങനെ എത്താം, നല്‍കുന്ന സൗകര്യങ്ങളില്‍ സംതൃപ്തരാകുമോ, എന്തൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും, അവ എങ്ങനെ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളില്‍ സുപ്രീം കമ്മിറ്റി അധികൃതര്‍ നടത്തിയ റിഹേഴ്‌സലുകളുടെ ഭാഗമായുള്ള യാത്രകളില്‍ നബ്ഷ പങ്കെടുത്തത് ഐറിനെയും നെഞ്ചോടു ചേര്‍ത്താണ്.
ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രധാന മീഡിയ സെന്ററില്‍ അക്രഡിറ്റേഷന്‍ ലീഡര്‍ ആയാണ് നബ്ഷയുടെ ലോകകപ്പിലെ സേവനം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഇഷ്ടമുള്ള സമയം തിരഞ്ഞെടുത്ത് ജോലി ചെയ്യാം. ഭര്‍ത്താവിന്റെ ജോലിസമയം അനുസരിച്ചാണ് നബ്ഷ ഷിഫ്റ്റ് തിരഞ്ഞെടുക്കുന്നത്. അക്രഡിറ്റേഷന്‍ സെന്ററിലേയ്ക്ക് കുഞ്ഞിനെ കൊണ്ടുപോകുന്നില്ലെങ്കിലും ഇടയ്ക്ക് വിശപ്പകറ്റാന്‍ ഉമ്മയെ തേടി ഐറിന്‍ ഉപ്പയോടൊപ്പം അക്രെഡിറ്റേഷന്‍ സെന്ററിന്റെ മുന്നിലെത്തും.
ഫിഫ ലോകകപ്പ് എന്ന വലിയ മാമാങ്കത്തില്‍ പങ്കാളിയാകാനുള്ള അവസരത്തിലൂടെ ജീവിതം പോസിറ്റീവാക്കി മാറ്റുന്ന നബ്ഷയുടെപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കുടുംബവും സഹപ്രവര്‍ത്തകരുമുണ്ട് .