കൊല്‍ക്കത്ത: മറ്റു പിന്നാക്ക വിഭാഗത്തില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് എട്ടാം ക്ലാസ് വരെ നല്‍കിയിരുന്ന പഠന സ്കോളര്‍ഷിപ്പ് കേന്ദ്രം നിര്‍ത്തലാക്കിയതിനെതിരെ മമതാ ബാനര്‍ജി രംഗത്ത്.
ഈ കുട്ടികള്‍ക്കായി മേധശ്രീ എന്ന സംസ്ഥാന സ്കോളര്‍ഷിപ്പ് സ്കീം ആരഒഭിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.
എന്തുകൊണ്ട് ഒ.ബി.സി വിഭാഗത്തിന് സ്കോളര്‍ഷിപ്പ് കിട്ടുന്നില്ല? വിഷമിക്കേണ്ട, സംസ്ഥാന സര്‍ക്കാര്‍ മാസം 800 രൂപ ഒ.ബി.സി സ്കോളര്‍ഷിപ്പ് നല്‍കും. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കും ഈ സ്കോളര്‍ഷിപ്പിന് അവകാശമുണ്ട് – മമതാ ബാനര്‍ജി വ്യക്തമാക്കി.
കൂടാതെ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്ത്തലാക്കിയതിനെയും മമത വിമര്‍ശിച്ചു. 100 തൊഴില്‍ ദിനങ്ങള്‍ പദ്ധതിക്ക് കീഴില്‍ പണിയെടുത്തവര്‍ക്ക് കൂലി നല്‍കിയിട്ടില്ല. 40 ലക്ഷം തൊഴില്കാര്ഡുടമകള്ക്ക് വേണ്ടി 100 ദശലക്ഷം തൊഴില്‍ ദിനങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ സൃഷ്ടിച്ചുവെന്നും മമത പറഞ്ഞു.
കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി സംഘങ്ങളെ ബംഗാളിലേക്ക് നിയോഗിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പദ്ധതികളില്‍ സംസ്ഥാനം അഴിമതി നടത്തിയെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയാണ് സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും അതേകുറിച്ച് കൊല്‍ക്കത്ത ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും ബംഗാളിലെ പഞ്ചായത്ത് നേതാക്കളുള്‍പ്പെടെ പ്രതികളാകുമെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.