കൊല്‍ക്കത്ത- കോവിഡ് കുത്തിവെപ്പെടുത്തവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രത്തിനു പകരം സ്വന്തം ഫോട്ടോ ചേര്‍ത്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജി.
മോഡിയും മമതയും തമ്മിലുളള തര്‍ക്കം അടുത്ത കാലത്തൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്നാണ് ഇതേ തുടര്‍ന്ന് നിരീക്ഷകരുടെ പ്രതികരണം.
ബംഗാളില്‍ മൂന്നാംഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കെയാണ് 18-44 പ്രായക്കാര്‍ക്ക് മമതയുടെ ഫോട്ടോയുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡിയുടെ ചിത്രം വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നതിനെതിരെ മമതയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു.
സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു പരാതി. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തെ ചോദ്യം ചെയ്തും മമത രംഗത്തുവന്നിരുന്നു.