വിഷ്ണുനാഥോ, പി.ടി തോമസോ കെപിസിസി അധ്യക്ഷനാകണം: രണ്ടും കല്‍പ്പിച്ച്‌ മമ്പറം ദിവാകരന്‍

പാര്‍ലമെന്റ് സമ്മേളനത്തിന് ഡല്‍ഹിയില്‍ പോകാതെ ചെന്നൈയില്‍ സ്വന്തം ബിസിനസു കാര്യങ്ങള്‍ക്കായി പോകുന്ന സുധാകരന്‍ വരുന്നത് പാര്‍ട്ടിക്ക് സര്‍വനാശമുണ്ടാക്കും; കണ്ണൂര്‍ കോണ്‍ഗ്രസില്‍ തമ്മിലടി കുറയില്ല

കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എത്തുന്നത് ചിന്തിക്കാന്‍ പോലും കഴിയാതെ മമ്പറം ദിവാകരന്‍. സുധാകരനെ ഒഴിവാക്കാന്‍ അവസാന വട്ട ശ്രമങ്ങള്‍ നടത്തുകയാണ് മമ്പറം ദിവാകരന്‍. കണ്ണൂര്‍ കോണ്‍ഗ്രസിലെ തമ്മില്‍ അടിയില്‍ ഇരുപക്ഷത്ത് നില്‍ക്കുന്ന നേതാക്കളാണ് സുധാകരനും ദിവാകരനും. ഈ സാഹചര്യത്തിലാണ് കെ.സുധാകരന് പകരം പി.സി വിഷ്ണുനാഥോ, പി.ടി തോമസോ കെപിസിസി അധ്യക്ഷനാകുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് മമ്പറം ദിവാകരന്‍ പ്രതികരിക്കുന്നത്.

സുധാകരന്‍ കെപിസിസി അധ്യക്ഷനായാലും തന്റെ വിമര്‍ശനങ്ങള്‍ തുടരുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരന്‍ വ്യക്തമാക്കി. എംപിയെന്ന നിലയില്‍ കോണ്‍ഗ്രസ് സംഘടനയെ നയിക്കുന്നതിലും വന്‍ പരാജയമാണ് കെ.സുധാകരന്‍. സ്വന്തം ഗ്രൂപ്പുണ്ടാക്കി വ്യക്തിഗത നേട്ടങ്ങളുണ്ടാക്കാനല്ലാതെ സുധാകരന് മറ്റൊന്നുമറിയില്ല.

കണ്ണൂരിലെ പാര്‍ട്ടിയെ നശിപ്പിച്ചത് കെ.സുധാകരനാണെന്നും മമ്പറം ആരോപിച്ചു. ആരാകണം കെപിസിസി അധ്യക്ഷന്‍ എന്ന എഐസിസിയുടെ അന്വേഷണത്തില്‍ മുന്‍തൂക്കം കിട്ടിയത് സുധാകരനാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പോലും സുധാകരനെ എതിര്‍ക്കുന്നില്ല. ഇതിനിടെയാണ് മമ്പറത്തിന്റെ വിമര്‍ശനങ്ങള്‍.

കഴിഞ്ഞ രണ്ടുവര്‍ഷമായി മണ്ഡലത്തില്‍ കാണാത്ത എംപിയാണ് സുധാകരന്‍. എവിടെയും അദ്ദേഹമില്ല. മട്ടന്നൂരോ, ഇരിക്കൂറോ, ധര്‍മടത്തോ എവിടെയെങ്കിലും ഏതെങ്കിലും പൊതുപരിപാടികളില്‍ അദ്ദേഹത്തെ കാണാറുണ്ടോയെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. എംപിയെന്ന നിലയില്‍ ഏതെങ്കിലും ഉദ്ഘാടനങ്ങള്‍ക്ക് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുന്നതായും അറിയില്ല.

പാര്‍ലമെന്റിലും സുധാകരന്റെ സാന്നിധ്യമുണ്ടാകാറില്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ കാണാം. പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയില്‍ പോകാതെ ചെന്നൈയില്‍ സ്വന്തം ബിസിനസു കാര്യങ്ങള്‍ക്കായി പോവുകയാണ് സുധാകരനെന്നും ദിവാകരന്‍ കുറ്റപ്പെടുത്തി.

സുധാകരന്‍ ഇതേ രീതിയില്‍ പോവുകയാണെങ്കില്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇനിയൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് തോന്നുന്നില്ല,സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നത് കണ്ണൂരിലെ നേതാക്കളുടെ പിന്‍തുണപോലുമില്ലാതെയാണ്. കണ്ണൂരിലെ ഭൂരിഭാഗം ജില്ലാനേതാക്കളും മണ്ഡലം കമ്മിറ്റി ഭാരവാഹികളും സുധാകരന്‍ കെപിസിസി അധ്യക്ഷനാകരുതെന്ന അഭിപ്രായക്കാരാണ്. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത ചില പിള്ളേര്‍ മാത്രമാണ് സുധാകരന്റൊപ്പമുള്ളത്. സുധാകരനെതിരെ ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇതുവരെ മറുപടി പറയാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

കെ.കരുണാകരന്‍ ട്രസ്റ്റിനായി ചിറക്കല്‍ സ്‌കൂള്‍ ഏറ്റെടുക്കാന്‍ പിരിച്ച 15 കോടി എവിടെയാണെന്ന് സുധാകരന്‍ വ്യക്തമാക്കണം. പിരിച്ച പണം ഡയറക്ടര്‍മാരായി ചേര്‍ത്തവര്‍ക്ക് തിരിച്ചു നല്‍കിയിട്ടില്ലെന്നാണ് അവര്‍ തന്നെ പറയുന്നത്്. എഡ്യൂ ഹബ് സ്ഥാപിക്കാനായി രൂപീകരിച്ച സൊസൈറ്റി ഇന്നു നിലവിലില്ല. ചിറക്കല്‍ സ്‌കൂള്‍ കിട്ടിയില്ലെന്നു മാത്രമല്ല കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ സംഭവമാണത്. സി.പി. എം നിയന്ത്രിത സഹകരണബാങ്കാണ് ഒടുവില്‍ സ്‌കൂള്‍ സ്വന്തമാക്കിയത്.

ഇതേ അവസ്ഥ തന്നെയാണ് ഡി.സി.സി ഓഫിസ് നിര്‍മ്മിക്കാനായി ഫണ്ടുപിരിച്ച സംഭവത്തിലുമുണ്ടായത്. ഇതുവരെ ഉദ്ഘാടനം ചെയ്യാന്‍ കഴിയാത്ത ഡി.സി.സി ഓഫീസിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം പിരിച്ച കൈയും കണക്കുമില്ലാത്ത പണം എവിടെക്ക് ഒഴുക്കിയെന്നു വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം സുധാകരനുണ്ടെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. സുധാകരന്‍ കെപിസിസി അധ്യക്ഷനായാല്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ആവര്‍ത്തിക്കുകയാണ് ചെയ്യുക.കണ്ണൂരിലെ പാര്‍ട്ടിയുടെ അവസ്ഥതന്നെയാകും സംസ്ഥാന തലത്തിലും.സ്വന്തം ഗ്രൂപ്പുണ്ടാക്കി അധികാരം നേടാനും പണപ്പിരവ് നടത്താനും മാത്രമേ സുധാകരന് കഴിയുകയുള്ളൂ.

ഇതു കോണ്‍ഗ്രസ് പോലുള്ള ജനാധിപത്യപാര്‍ട്ടിക്ക് ഗുണകരമാവില്ലെന്നും കെപിസിസി അധ്യക്ഷനായി സംശുദ്ധ പൊതുജീവിതത്തിന് ഉടമയായ പി.ടി തോമസിനെയോ, യുവനേതാക്കളായ പി.സി വിഷണുനാഥ്, ഷാഫി പറമ്ബില്‍ എന്നിവരെയോ പരിഗണിക്കണമെന്നും ദിവാകരന്‍ ആവശ്യപ്പെട്ടു. പുതുതലമുറയിലെ പ്രതിനിധി രാഹുല്‍ മാങ്കുട്ടത്തിനെ വരെ കെപിസിസി അധ്യക്ഷനാക്കാം. ഇവരെയൊക്കെ സുധാകരന്‍ നേതൃത്വത്തിലേക്ക് വരുന്നതിനെക്കാള്‍ പാര്‍ട്ടിക്ക് നൂറിരട്ടി ഗുണം ചെയ്യുമെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news