ഹെയര്‍ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ഡല്‍ഹി സ്വദേശിയായ മുപ്പതുകാരന്‍ അത്തര്‍ റഷീദാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരണപ്പെട്ടത്ത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അത്തര്‍ കഷണ്ടി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അണുബാധയുണ്ടാവുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് മരണപ്പെടുകയുമായിരുന്നു.
‘എന്റെ മകന്‍ ഏറെ വേദനകള്‍ സഹിച്ചാണ് മരിച്ചത്. അവന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനമെല്ലാം നിലച്ചിരുന്നു’- അമ്മ പറഞ്ഞു. മരണത്തിന് മുന്‍പ് അത്തര്‍ റഷീദിന്റെ മുഖമെല്ലാം വിങ്ങി വീര്‍ത്ത നിലയിലും കറുപ്പ് കലകള്‍ നിറഞ്ഞ നിലയിലും കാണപ്പെട്ടിരുന്നു.
ഡല്‍ഹിയിലെ ടെലിവിഷന്‍ എക്‌സിക്യൂട്ടിവായിരുന്ന അത്തര്‍ റഷീദിന്റെ മരണത്തിന് പിന്നാലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹെയര്‍ ഫിക്‌സിംഗ് ശസ്ത്രക്രിയകള്‍ നിസാരമാണെന്ന ധാരണയാണ് പൊതുസമൂഹത്തിനെന്ന് ഡല്‍ഹിയിലെ പ്രമുഖ സര്‍ജന്‍ ഡോ.മായങ്ക് സിംഗ് പറയുന്നു. എന്നാല്‍ ഹെയര്‍ ഫിക്‌സിംഗ് സര്‍ജറികള്‍ക്ക് ആറഅ മുതല്‍ എട്ട് മണിക്കൂര്‍ വരെ സമയമെടുക്കും. മറ്റേത് ശസ്ത്രക്രിയ പോലെ തന്നെ സങ്കീര്‍ണമാണ് ഇതും. അതുകൊണ്ട് തന്നെ അംഗീകൃത ഡോക്ടര്‍മാരുടേയോ ക്ലിനിക്കുകളുടേയോ സഹായം മാത്രം ഹെയര്‍ ഫിക്‌സിംഗിനായി തേടണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.