മാനസ കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാനസയെ കൊല്ലാന്‍ രഖിലിന് തോക്ക് കൈമാറിയ ബിഹാര്‍ സ്വദേശികളെ ഇന്നലെയാണ് കേരളത്തിലെത്തിച്ചത്. തോക്ക് ഉപയോഗിക്കുന്നതിന് പ്രതികള്‍ രഖിലിന് പരിശീലനം നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു.
കേസിലെ രണ്ട്, മൂന്ന് പ്രതികളായ സോനു കുമാര്‍ മോദി, മനീഷ് കുമാര്‍ വര്‍മ എന്നിവരെയാണ് വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചത്. പ്രതികളെ ആലുവ റൂറല്‍ എസ്.പി ഓഫീസില്‍ വെച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തു. രഖിലിന് തോക്കുപയോഗിക്കുന്നതിന് വേണ്ടി ബീഹാറില്‍ പരിശീലനം ലഭിച്ചിരുന്നതായി എസ്.പി കെ.കാര്‍ത്തിക് പറഞ്ഞു.
കോതമംഗലം എസ്.ഐ മാഹിനിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് ബിഹാര്‍ പൊലീസിന്‍റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. 50000 രൂപ നല്‍കിയാണ് പ്രതികളില്‍ നിന്ന് രഖില്‍ തോക്ക് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രഖിലും കൂട്ടുപ്രതികളും ഒരുമിച്ചുളള ചിത്രം പുറത്ത് വന്നിരുന്നു. പ്രതികളില്‍ ഒരാള്‍ തോക്ക് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.
ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥിയായ മാനസയെ രഖില്‍ വെടിവെച്ചുകൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തിരുന്നു.