മംഗളൂരുവില്‍ ഹിന്ദു യുവതിക്കൊപ്പം ബസ്സില്‍ യാത്ര ചെയ്ത മുസ്‌ലിം യുവാവിനെ ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കുത്തിപ്പരിക്കേല്‍പ്പിച്ചു. മംഗളൂരു നഗരപ്രാന്ത പ്രദേശത്ത് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
മംഗളൂരുവിലെ ബൈകാംപാഡി സ്വദേശിയായ അസ്വിദ് അന്‍വര്‍ മുഹമ്മദി(23) നാണ് പരിക്കേറ്റത്. വിവിധ മതവിഭാഗത്തില്‍പ്പെട്ട സഹപാഠികളും സുഹൃത്തുക്കളുമായ യുവതിയും യുവാവും സഞ്ചരിച്ച ബസ് തടഞ്ഞു നിര്‍ത്തിയാണ് ഒരു സംഘം ബജ്‌റംഗ് ദൾ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
ബസ് പിന്തുടര്‍ന്ന് കാറിലെത്തിയ സംഘം ബസ്സില്‍ നിന്ന് യുവാവിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് മംഗളൂരു പോലിസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ച യുവതിക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. യുവാവിന്റെ ഇടുപ്പിനാണ് കുത്തേറ്റിരിക്കുന്നത്.
ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. അക്രമവുമായി ബന്ധപ്പെട്ട് എട്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാല് ബജ്‌റംഗ് ദൾ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് സ്വകാര്യ ബസ്സിലാണ് ഇരുവരും യാത്ര ചെയ്തത്. നഗരവുമായി പരിചയമുള്ളതിനാലാണ് യുവാവിനെ ഒപ്പം കൂട്ടിയതെന്ന് യുവതി പറഞ്ഞതായി പോലിസ് അറിയിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജോലിക്കായാണ് ബംഗളൂരുവിലേക്ക് പോയതെന്നും മുമ്പ് ബംഗളൂരുവിലായതിനാല്‍ സഹായിക്കാനാണ് സുഹൃത്ത് ഒപ്പം വന്നതെന്നും യുവതി പറഞ്ഞതായി പോലിസ് കമ്മീഷണര്‍ ശശി കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അവര്‍ സഹപാഠികളായിരുന്നു. വര്‍ഷങ്ങളായി യുവാവിനെ അറിയാമെന്ന് 23കാരി പറഞ്ഞതായി കുമാര്‍ പറഞ്ഞു.
പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. അസിസ്റ്റന്റ് പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഇവരുടെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാണ് സംഘത്തിന് കൈ മാറിയതെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. നഗരത്തിലെ കങ്കണടി പോലിസ് സ്‌റ്റേഷനലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 15 പേരെ ചോദ്യം ചെയ്തതായും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് പറയുന്നു.
തങ്ങളുടെ അംഗങ്ങള്‍ ദമ്പതികളെ തടഞ്ഞുവെന്നും അക്രമമുണ്ടായെന്നും ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്ഥിരീകരിച്ചു. അക്രമവുമായി ബന്ധപ്പെട്ട് വി എച്ച് പി, ബജ്‌റംഗ് ദൾ പ്രവര്‍ത്തകരുടേതെന്ന പേരിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇരു സമുദായത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് യാത്ര ചെയ്തതിന്റെ പേരില്‍ അക്രമികള്‍ പ്രകോപിതരായതായും ലൗ ജിഹാദ് ആരോപണമുന്നയിച്ചിരുന്നതായും പോലിസ് പറയുന്നു.