ധാക്ക: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് സമ്മാനമായി ഹരിഭംഗ ഇനത്തില്‍പ്പെട്ട 300 കിലോ മാമ്പഴം അയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറാണ് ഷേഖ് ഹസീനയെ പ്രതിനിധീകരിച്ച് ബിപ്ലബ് ദേബിന് മാമ്പഴം കൈമാറിയത്.
‘ത്രിപുര മുഖ്യമന്ത്രിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി സമ്മാനമായി അയച്ച 300 കിലോ മാമ്പഴം കൈമാറി. സമ്മാനത്തിന് മുഖ്യമന്ത്രി ഹൃദ്യമായ നന്ദി അറിയിച്ചു’- ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ ട്വീറ്റില്‍ കുറിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും ഷേഖ് ഹസീന മാമ്പഴം അയച്ചിരുന്നു. 2600 കിലോ മാമ്പഴമാണ് ഇരുവര്‍ക്കും ഉപഹാരമായി അയച്ചത്. പ്രസിഡന്റ് രാംനാഥ് കോവിന്ദിനും ഷേഖ് ഹസീന മാമ്പഴം സമ്മാനമായി നല്‍കിയിരുന്നു.
ബംഗ്ലാദേശിലെ രംഗ്പൂര് ജില്ലയില്‍ വിളഞ്ഞ ഹരിഭംഗ ഇനത്തില്‍പ്പെട്ട മാമ്പഴമാണ് ബെനാപോള്‍ ചെക്പോസ്റ്റ് വഴി ഇന്ത്യയിലെത്തിച്ചത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഉപഹാരമായാണ് മാമ്പഴം നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.