കടുവയെ മയക്കുവെടി വെച്ച് പിടികൂടി

മാനന്തവാടി: കേരള-കർണാടക അതിർത്തി പ്രദേശമായ കുട്ട താലൂക്കിലെ മഞ്ചഹള്ളിയിൽ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവ ഒടുവിൽ പിടിയിലായി. വനം വകുപ്പാണ് കടുവയെ മയക്ക് വെടി വെച്ച് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകിട്ടും ശനിയാഴ്ച പുലർച്ചയുമായാണ് മഞ്ചഹള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥിയെയും വീട്ടമ്മയേയും കടുവ ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റ മഞ്ചഹള്ളി സ്വദേശിനി ചെന്നി(60) അയ്യപ്പ (16) എന്നീ രണ്ട് പേരും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. നാഗർഹോളൈ കടുവാ സങ്കേതത്തോട് ചേർന്ന ഗ്രാമമാണ് കുട്ട താലൂക്കിലെ മഞ്ചഹള്ളി. കുടക് ജില്ലയിൽ വരുന്ന പ്രദേശമാണിത്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ താപ്പാനകൾ ഉൾപ്പടെയുള്ള തിരച്ചിൽ സംഘം രണ്ടു ദിവസമായി കടുവയെ കണ്ടെത്തുന്നതിനായി തീവ്ര ശ്രമത്തിലായിരുന്നു.

ഒടുവിൽ കഴിഞ്ഞ ദിവസം മഞ്ചഹള്ളിയിലെ കാപ്പിത്തോട്ടത്തിൽ കടുവയെ കണ്ടെത്തുകയും വനം വകുപ്പിൻ്റെ നേതൃത്വത്തിൽ മയക്ക് വെടി വച്ച് പിടികൂടുകയുമായിരുന്നു. മയക്കുവെടി വെച്ച് പിടികൂടിയ കടുവയെ പിന്നീട് മൈസൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി.

spot_img

Related Articles

Latest news