നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പോലീസിന് മൊഴി
ആലപ്പുഴ: മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഗള്‍ഫില്‍ നിന്ന് താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് യുവതി പോലീസിന് മൊഴി നല്കി. എട്ട് മാസത്തിനിടയില്‍ മൂന്ന് തവണയാണ് യുവതി സ്വര്‍ണം എത്തിച്ചത്. അതേസമയം ഞെട്ടിക്കുന്ന സ്വര്‍ണക്കടത്ത് റാക്കറ്റിനെ കുറിച്ചാണ് അവര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത്തരമൊരു കടത്തുമായി ബന്ധപ്പെട്ടാണ് അവരെ ഇപ്പോള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. അവസാനമായി താന്‍ ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നുവെന്ന് യുവതി പറയുന്നു.
ഈ ഒന്നരക്കിലോ സ്വര്‍ണം യുവതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് ഇവരെ തട്ടിക്കൊണ്ടുപോകാന്‍ സംഘം തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. പ്രാദേശിക സഹായം ഇവര്‍ക്കുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ സ്വര്‍ണമോ പണമോ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ട് പോയതെന്നും പോലീസ് പറയുന്നു. മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പിന്നീട് പാലക്കാട് വടക്കഞ്ചേരിക്കടുത്ത് വാഹനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു.
വീട്ടില്‍ നിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇവരെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്ന് തുടക്കത്തില്‍ തന്നെ സംശയമുണ്ടായിരുന്നു. അതേസമയം യുവതിയെ മാന്നാറില്‍ എത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവതി ദുബായില്‍ നിന്ന് നാല് ദിവസം മുമ്ബാണ് വീട്ടിലെത്തിയത്. പതിനഞ്ചോളം ആളുകള്‍ വീടിന്റെ വാതില്‍ പുലര്‍ച്ചയോടെ തകര്‍ത്ത ശേഷമാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബിന്ദുവിന്റെ അമ്മ ജഗദമ്മയെ ഇവര്‍ മര്‍ദിക്കുകയും ചെയ്തു. ഭര്‍ത്താവ് ബിനോയ് ആണ് പോലീസിനെ വിവരം അറിയിച്ചത്.
നാല് വര്‍ഷത്തോളം ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭര്‍ത്താവ് ബിനോയിയും. എട്ട് മാസം മുമ്ബാണ് ഇരുവരും നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് പോയിരുന്നു. മൂന്നാം തവണ തിരിച്ചുവന്നപ്പോള്‍ കുറച്ചാളുകള്‍ ബിന്ദുവിനോട് സ്വര്‍ണം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. അതാണ് തട്ടിക്കൊണ്ടുപോകലിന് കാരണമായത്. അതേസമയം ബിന്ദുവിനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.