ത്രിപുര മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കയ്യാങ്കളി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കയ്യാങ്കളി ഉണ്ടായത്. മന്ത്രി രാംപ്രസാദ് പോള്‍ കസേര എടുത്ത് നിലത്തടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.
ഉപമുഖ്യമന്ത്രി ജിഷ്ണുദേവ് വര്‍മയെ പിന്തുണയ്ക്കുന്നയാളാണ് രാംപ്രസാദ് പോള്‍. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളിയെന്നതും ശ്രദ്ധേയമാണ്. പുതിയ മുഖ്യമന്ത്രിയെ കേന്ദ്രം അടിച്ചേല്പ്പിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
ഡോ.മണിക് സഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാക്കുന്നതിന് വേണ്ടി ചേര്‍ന്ന യോഗമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാ എംപിയും സംസ്ഥാന ബിജെപി അധ്യക്ഷനുമാണ് ഡോ. മണിക് സഹ.
മാണിക് സഹയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി ഭുപേന്ദര്‍ യാദവ് രംഗത്ത് വന്നു. ‘മണിക് സഹയ്ക്ക് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തിലും നിങ്ങളുടെ നേതൃത്വത്തിലും ത്രിപുര വലിയ വികസനം കൈവരിക്കും’ ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ബിപ്ലബ് ദേവും ആശംസയുമായി രംഗത്ത് വന്നു. ‘മാണിക് സഹയ്ക്ക് ആശംസകള്‍. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗദര്‍ശനത്തിലും നേതൃത്വത്തിലും ത്രിപുര സമൃദ്ധമാവും’ ബിപ്ലബ് കുറിച്ചു.
അടുത്ത വര്‍ഷമാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്. 25 വര്‍ഷം നീണ്ട ഇടത് ഭരണം അട്ടിമറിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി 2018 ലാണ് ബിപ്ലബ് കുമാര്‍ ദേവ് ത്രിപുരയില്‍ അധികാരത്തിലെത്തിയത്.