ഒരു വര്‍ഷം മുമ്പ് കള്ളനെന്ന് വിളിച്ച് ആക്ഷേപിച്ച ‘മനോരമ’ യെക്കൊണ്ട് കേമനെന്ന് വിളിപ്പിച്ച് ‘സ്പ്രിങ്ക്ളറി’ന്റെ പ്രതികാരം. ഒന്നാം കോവിഡ് തരംഗത്തില്‍ ഡാറ്റ ചോര്‍ത്തുന്ന ഊരും പേരുമില്ലാ കമ്പനിയെന്ന് വാര്‍ത്ത എഴുതി കരിതേച്ച മനോരമയാണ് കേമന്‍ കമ്പനിയായി സ്പ്രിങ്ക്ളറിനെ ഇപ്പോള്‍ അവതരിപ്പിച്ചത്.
പ്രവാസി മലയാളി മാവേലിക്കരയിലെ രാജി തോമസിന്റെ സ്പ്രിങ്ക്ളറിന്റെ ഓഹരി വില്‍പ്പന ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റെക്കോഡ് നേട്ടം കൈവരിച്ചപ്പോഴാണ് ‘മനോരമ’യുടെ പുതിയ വാർത്തയുമായി രംഗത്ത് വന്നത്.
ഒന്നാം പിണറായി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമയ്ക്കാന്‍ പ്രതിപക്ഷവും മാധ്യമങ്ങളും ‘സ്പ്രിങ്ക്ളറി’നെ കരിവാരിത്തേച്ചിരുന്നു. 1.8 ലക്ഷംപേരുടെ ഡാറ്റ കടത്തി വിറ്റെന്നും 600 കോടിയുടെ തട്ടിപ്പ് നടത്തിയെന്നുമാണ് അന്നവർ നിരന്തരം ആരോപിച്ചത്.
ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ചില്‍ ഓഹരി വില്‍പ്പന തുടങ്ങി രണ്ടാംദിവസം ‘സ്പ്രിങ്ക്ളര്‍’ ആഗോള നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റി. ഓഹരിവില 12 ശതമാനം ഉയര്‍ന്ന് 19.64 ഡോളറായി. രാജി തോമസിന്റെ ആസ്തികയാകട്ടെ, ഏകദേശം 7716.69 കോടി രൂപയിലെത്തി.
ഓഹരിവില വീണ്ടും കയറി 20.54 ഡോളറായപ്പോഴാണ് സ്പ്രിങ്ക്ളറിന്റെ ഈ വിജയയാത്രയെക്കുറിച്ച് പ്രത്യേക വാര്‍ത്ത കൊടുത്ത് മനോരമ ‘നിറം മാറി’യത്. 12 വര്‍ഷംകൊണ്ട് കമ്പനി വമ്പൻ നേട്ടം കൈവരിച്ചതായി സ്തുതിക്കാനും മനോരമ മറന്നില്ല.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ രോഗികളെ അതിവേഗം കണ്ടെത്താന്‍ സര്‍ക്കാരുമായി സഹകരിച്ച സമയത്താണ് സ്പ്രിങ്ക്ളറും രാജി തോമസും പ്രതിപക്ഷത്തിന്റെയും മനോരമയുടെയും ആരോപണങ്ങളിൽ നിറഞ്ഞ് നിന്നത്. അന്നത്തെ പ്രതിപക്ഷനേതാവ് രാജി തോമസിനെതിരെ ഹൈക്കോടതിയെയും സമീപിച്ചു.
കോവിഡ് ഡാറ്റ വിശകലനത്തിന് കേരളം സൗജന്യ സഹായം സ്വീകരിക്കും മുമ്പേ തന്നെ മൈക്രോസോഫ്റ്റ്, ആമസോണ്‍, നൈക്കി, സിസ്കോ, ഹോണ്ട തുടങ്ങിയ ആഗോള കമ്പനികൾ സ്പ്രിങ്ക്ളറിന്റെ സേവനം ഉപയോഗപ്പെടുത്തിയെന്ന് ഇപ്പോൾ മനോരമ പറയുന്നു. ബിഎംസി, മക്ഡൊണാള്‍ഡ്, സാംസങ്, ഫിലിപ്സ് എന്നിങ്ങനെ വേറെയും നിരവധി വന്‍ ബ്രാന്‍ഡുകള്‍ ഇവരുടെ ഉപയോക്താക്കളായുണ്ട്.
2015ലിറങ്ങിയ ‘എന്ന് നിന്റെ മൊയ്തീന്’ സിനിമയുടെ നിര്‍മാതാക്കളിലൊരാള്‍ കൂടിയാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രാജി തോമസ്. കുടുംബ സമേതം അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് താമസം.