കൂലോത്ത് രതീഷിന്റെ ശരീരത്തിലെ പതിനാറ് മുറിവുകൾ: കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാൻ അന്വേഷണസംഘം

കൂത്തുപറമ്പ് മണ്ഡലത്തിലെ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി കൂലോത്ത് രതീഷിന്റെ ദുരൂഹ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണസംഘം. രതീഷിന്റെ ശരീരത്തിലെ പതിനാറ് മുറിവുകള്‍ എങ്ങനെയുണ്ടായെന്ന് ശാസ്ത്രീയമായി പരിശോധിക്കും.

രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ നാല്‍പ്പത്തി നാലുപേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മന്‍സൂര്‍ വധത്തിലെ ഒന്നിലധികം പ്രതികള്‍ രതീഷിനൊപ്പം വളയത്തുണ്ടായിരുന്നതിന്റെ ഫോണ്‍ രേഖകളും ലഭിച്ചിട്ടുണ്ട്. മന്‍സൂറിന്റെ കൊലപാതകമുണ്ടായ 6 ന് രാത്രി തുടങ്ങി രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഒന്‍പത് വരെയുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു.

കേസിലെ നാലാംപ്രതി ശ്രീരാഗിനെ വടകര റൂറല്‍ എസ്.പി നേരിട്ട് ചോദ്യം ചെയ്തതില്‍ ചില നിര്‍ണായക സൂചനകളും ലഭിച്ചു. രതീഷിന്റെ ശരീരത്തില്‍ കണ്ടെത്തിയ പതിനാറ് മുറിവുകള്‍ എങ്ങനെയുണ്ടായെന്നാണ് പ്രധാനമായും അന്വേഷിച്ചത്. മന്‍സൂറിനെ ആക്രമിച്ച ദിവസമുണ്ടായ സി.പി.എം – ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം.

കഴുത്ത്, കൈ, വയര്‍, തുട, പാദം തുടങ്ങിയ ഭാഗങ്ങളിലാണ് രതീഷിന്റെ പരുക്ക്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘവുമായി രണ്ട് തവണ എസ്.പി സാധ്യതകള്‍ വിലയിരുത്തി. വ്യക്തതയ്ക്കായി ഡോക്ടര്‍മാര്‍ രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സ്ഥലത്തെത്തി തെളിവെടുത്തു. നിരീക്ഷണത്തിലുള്ള രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ പന്ത്രണ്ടുപേരുടെ മൊഴികൂടി എസ്.പി നേരിട്ട് രേഖപ്പെടുത്തും.

അതിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി മരണ കാരണം സംബന്ധിച്ച്‌ വ്യക്തത വരുത്തും. ആറിന് മന്‍സൂര്‍ കൊല്ലപ്പെട്ട ശേഷം എട്ടാം തിയതി ഉച്ചവരെ രതീഷ് കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് വളയം മേഖലയിലെത്തുകയും പിന്നീട് മരിച്ച നിലയിലും കണ്ടെത്തി.

സൈബര്‍ സെല്‍ ശേഖരിച്ച ഫോണ്‍ വിവരങ്ങള്‍ യഥാര്‍ഥ നിഗമനത്തിലേക്കെത്തിക്കാന്‍ സഹായിക്കുമെന്നാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണം.

Media wings:

spot_img

Related Articles

Latest news