കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി മലയാളി സംവിധായകന് വിനോദ് സാം പീറ്റര്‍ ഒരുക്കിയ മറാത്തി ചിത്രം ‘പഗ് ല്യാ’ മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുത്തു. ചിത്രം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 45 ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഇതിനകം നേടിയിരുന്നു. ഇതോടെ ചിത്രത്തിന് ഓസ്കര് നോമിനേഷന് സാദ്ധ്യത തെളിയുകയാണ്.
വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ ഭാഷാചിത്രം കൂടിയാണ് മറാത്തി ഭാഷയില്‍ ഒരുക്കിയ പഗ് ല്യാ. വേള്‍ഡ് പ്രീമിയര്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രം, സംവിധായകന്, നടന്, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായി പുരസ്ക്കാരങ്ങള്‍ ചിത്രം നേരത്തെ കരസ്ഥമാക്കിയിട്ടുണ്ട്.
ലണ്ടന്‍,കാലിഫോര്‍ണിയ, ഇറ്റലി , ഓസ്ട്രേലിയ, സ്വീഡന്, ഫിലിപ്പീന്‍സ്, തുര്‍ക്കി, ഇറാന്, അര്‍ജന്റീന, ലബനന് തുടങ്ങിയ രാജ്യങ്ങളിലും ഈ ചിത്രം നിരവധി അംഗീകാരങ്ങളും, പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. മികച്ച നടന് – ഗണേഷ് ഷെല്‍ക്കെ, മികച്ച നടി – പൂനം ചന്ദോര്‍ക്കര്‍. മികച്ച പശ്ചാത്തല സംഗീതം – സന്തോഷ് ചന്ദ്രന്. പൂനെയിലും പരിസരപ്രദേശങ്ങളിലുമായി 2020 ഓഗസ്റ്റിലാണ് ‘പഗ് ല്യാ’ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികള്‍ക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ‘പഗ് ല്യാ’ യുടെ ഇതിവൃത്തം. സംവിധായകനും നിര്‍മ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രന്, സംഗീത സംവിധായകന് ബെന്നി ജോണ്സണ്, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റര്‍, കോസ്റ്റ്യൂം ഒരുക്കിയ സച്ചിന് കൃഷ്ണ, വിഷ്ണു കുമാര്‍ എന്നിവരും മലയാളികളാണ്. എബ്രഹാം ഫിലിംസിന്റെ ബാനറില്‍ വിനോദ് സാം പീറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും.