തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ ‘മാർക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു.’എ’ സർട്ടിഫിക്കറ്റുമായി പ്രദർശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) പ്രാദേശിക ഓഫിസറായ ടി നദീം തുഫൈല്‍ പ്രതികരിച്ചു. ചിത്രത്തിന് തീയറ്റർ പ്രദർശനത്തിന് സർട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ രംഗങ്ങള്‍ പൂർണമായി മുറിച്ചുമാറ്റിയുള്ള സെൻസറിങ് ഇപ്പോള്‍ നിലവിലില്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സർട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതി. വയലൻസ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് മാതാപിതാക്കളാണ്. അവർക്കാണ് പൂർണ ഉത്തരവാദിത്തം. സിനിമയുടെ സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണമെന്നും നദീം പറഞ്ഞു.
‘എ’ സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാല്‍ തീയറ്ററില്‍ നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാമെന്നും നദീം പറഞ്ഞു.