തൊടുപുഴ: ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്‌കറിയയെ മർദിച്ചത് ഡി വൈ എഫ് ഐ പ്രവർത്തകർ. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.ഇവരെ തിരിച്ചരിയാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംഘം ചേർന്ന് ആക്രമിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് 6.45ന് തൊടുപുഴ നഗരത്തിനടുത്ത് മങ്ങാട്ടുകവലയിലാണ് സംഭവം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്ത ശേഷം റിസപ്ഷൻ നടക്കുന്ന മൂലമറ്റം റൂട്ടിലുള്ള റിസോർട്ടിലേക്ക് പോകുമ്പോഴായിരുന്നു മർദ്ദനം.
വാഹനത്തെ പിന്തുടർന്ന് കറുത്ത ജീപ്പിലെത്തിയ അഞ്ചംഗ സംഘം ഷാജൻ സ്‌കറിയയുടെ വാഹനം തടഞ്ഞ് നിറുത്തി മർദിക്കുകയായിരുന്നു. കാറിന് പുറത്തേക്ക് വലിച്ചിട്ടും മർദ്ദിച്ചു. ശരീരമാസകലം മർദ്ദനമേറ്റിട്ടുണ്ട്.
മൂക്കിനാണ് സാരമായ പരിക്ക്. തൊടുപുഴ എസ്‌എച്ച്‌ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഷാജൻ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. ഷാജനെ ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
അന്വേഷണ ഉദ്യോഗസ്ഥർ ആക്രമണം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ്. ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണെന്നും നിയമപരമായി എതിർക്കാനാകാത്തതിനാലാണ് കായികപരമായി നേരിടുന്നതെന്ന് ഷാജൻ സ്‌കറിയ അരോപിച്ചു. ഷാജൻ പ്രദേശത്ത് എത്തിയതറിഞ്ഞ് പ്രതികള്‍ ആസൂത്രീതമായി ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.