ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ മർദിച്ച കേസില്‍ പ്രതികളായ 4 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം. മുതലക്കോടം പട്ടയംകവല കൊല്ലപ്പള്ളി മാത്യൂസ് കെ. സാബു (28), ഇടവെട്ടി ആലയ്ക്കല്‍ ഷിയാസ് ഇസ്മയില്‍ (28), കുമ്മംകല്ല് കൊച്ചുവീട്ടില്‍ അക്ബർ അലി (24), തെക്കുംഭാഗം ആനിക്കാട്ടില്‍ ടോണി തോമസ് (30) എന്നിവർക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
സംഭവത്തില്‍ വധശ്രമത്തിനും, തടഞ്ഞുവെച്ച് സംഘം ചേർന്ന് ആക്രമിച്ചെന്നും ഉള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതിരുന്നത്. ബംഗളൂരുവില്‍നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തൊടുപുഴയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ഷാജനെ ശനിയാഴ്ച വൈകുന്നേരം മങ്ങാട്ടു കവലയില്‍ വച്ചാണ് കറുത്ത ജീപ്പിലെത്തിയ സംഘം പിന്തുടർന്ന് മർദിച്ചത്. ഷാജൻ സഞ്ചരിച്ച കാറില്‍ ജീപ്പിടിപ്പിച്ച ശേഷം വാഹനം നിർത്തിയപ്പോള്‍ ഡോർ തുറന്നു മുഖത്തും ദേഹത്തും ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഷാജനെ തൊടുപുഴ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനുശേഷം പ്രതികള്‍ ബംഗളൂരുവിലേക്കു കടന്നു. ഇവിടെ ഒളിവില്‍ കഴിയുന്നതിനിടെയാണു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.