നെയ്‌റോബി: ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ കടുത്ത വരള്‍ച്ച. വന്യജീവികളെയും ജന്തുജാലങ്ങളെയുമാണ് വരള്‍ച്ച ഏറെ ബാധിച്ചത്.
ലഭ്യമായ കണക്ക് പ്രകാരം ഇതുവരെ 381 സീബ്രകളും 205 ആനകളും 512 കുതിരമാനുകളും ചത്തൊടുങ്ങിയിട്ടുണ്ട്. നാല്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയ്‌ക്കാണ് കെനിയ സാക്ഷ്യം വഹിക്കുന്നത്.
ആഫ്രിക്കന്‍ മേഖലയിലെ സ്ഥിരം കാഴ്ചകളായിരുന്ന ആനകളും സീബ്രകളും കുതിരമാനുകളും കാട്ടുപോത്തുകളുമാണ് വരള്‍ച്ചയുടെ കെടുതിക്ക് വന്‍തോതില്‍ ഇരകളായത്. അന്‍പതിലധികം കാട്ടുപോത്തുകളും വെള്ളം കിട്ടാതെ ഇതുവരെ ചത്തൊടുങ്ങിയതായിട്ടാണ് കണക്കുകള്‍. കെനിയയിലെ വിവിധ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. കെനിയയിലെ വിനോദസഞ്ചാര, വന്യജീവി, പൈതൃക മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്നാല്‍ മാംസഭുക്കുകളായ മൃഗങ്ങളെ നിലവില്‍ വരള്‍ച്ച അധികം ബാധിച്ചിട്ടില്ല. പക്ഷെ വരള്‍ച്ചയ്‌ക്ക് ശേഷം ഇരതേടാനുളള മൃഗങ്ങളുടെ അഭാവത്തില്‍ ഇവയുടെ നിലനില്‍പും അപകടത്തിലാകുമെന്ന് വന്യജീവി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൃഗങ്ങളുടെ അതിജീവനത്തിന് വരള്‍ച്ചാമേഖലകളില്‍ വെള്ളം എത്തിക്കുകയോ ജലക്ഷാമം മറികടക്കാന്‍ സഹായിക്കുന്ന പോഷക പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തിയ സാള്‍ട്ട് ലിക്കുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന് വിനോദസഞ്ചാര മന്ത്രാലയം അഭിപ്രായപ്പെട്ടു.
കെനിയയിലെ ആനകളുടെ പ്രധാന ആവാസ മേഖലയായ അംബോസേലി, സാവോ, ലൈക്കിപിയ -സാംബുരു മേഖലകളിലാണ് വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത്. കെനിയയിലെ ആനകളില്‍ 65 ശതമാനവും ഈ മേഖലകളിലാണ് അധിവസിക്കുന്നത്.
വിനോദസഞ്ചാര മേഖല കെനിയയിലെ മുഖ്യ വിദേശ വരുമാന സ്രോതസുകളില്‍ ഒന്നാണ്. വന്യജീവികള്‍ വരള്‍ച്ച മൂലം കൂട്ടത്തോടെ ചത്തൊടുങ്ങിയാല്‍ ഈ വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.