പുതുവത്സരത്തിന് കാത്തിരിക്കുന്ന രാജ്യത്തെ നാണിപ്പിച്ച് ഉത്തർപ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊല. പശുവിനെ കൊന്നെന്ന് ആരോപിച്ച് മൊറാദാബാദ് ജില്ലയിലാണ് മുസ്ലിം യുവാവിനെ ഗോ സംരക്ഷകർ തല്ലിക്കൊന്നത്.29കാരനായ ഷാഹെ ദിൻ എന്ന യുവാവാണ് ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
ഷാഹെ ദിൻ പശുവിനെ കൊന്നതായി ആരോപിച്ച് ഗോ സംരക്ഷകർ ഇരുമ്പു കമ്പികളും വടികളുമൊക്കെ ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഷാഹെ ദിൻ മരിച്ചത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും സംസ്കരിച്ചതായും മൊറാദാബാദ് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കുമാർ.
മരിച്ചയാളുടെ സഹോദരൻ്റെ പരാതിയില്‍ ചൊവ്വാഴ്ച മജോല പൊലീസ് സ്റ്റേഷനില്‍ അജ്ഞാതരായ അക്രമികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം, ഗോഹത്യ നടത്തിയെന്നാരോപിച്ച് കൊല്ലപ്പെട്ട ഷാഹെ ദിനിനും മറ്റു മൂന്ന് പേർക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ബോഡി ബില്‍ഡിങ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നയാളാണ് ഷഹീദീന്‍ ഖുറൈശിയെന്ന് കുടുബം അറിയിച്ചു. ഭാര്യ: റിസ്‌വാന. മക്കള്‍: ആരാം(13), ആഷി(11), ഇബ്ജാന്‍(9).
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹിന്ദുത്വര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ വയലന്‍സ് നിറഞ്ഞതായതിനാല്‍ പലയിടത്തു നിന്നും സോഷ്യല്‍ മീഡിയ കമ്പനികള്‍ നീക്കം ചെയ്തു.