കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്ന് കോടി വിലവരുന്ന സ്വർണം പിടികൂടി. അഞ്ചു കേസുകളിൽ നിന്നായി അഞ്ച് കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആശിഖ് (29), മലപ്പുറം തവനൂർ സ്വദേശി അബ്‌ദുൽ നിഷാർ (33), കോഴിക്കോട് കൊടുവള്ളി അവിലോറ സ്വദേശി സുബൈർ(35), വടകര വില്യാപ്പള്ളി സ്വദേശി താച്ചാർ കണ്ടിയിൽ അഫ്‌നാസ് (29) എന്നിവരാണ് അറസ്റ്റിലായത്.
എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നും ഷാർജ വഴി അബ്‌ദുൽ ആശിഖ് കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിന്ററിന്റെ പാർട്‌സായി വച്ചിരുന്ന 995 ഗ്രാം തങ്കമാണ് പിടികൂടിയത്. വിപണിയിൽ 55 ലക്ഷം രൂപ വിലവരും. എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന അബ്‌ദുൽ നിഷാറിൽ നിന്ന് 1158 ഗ്രാം സ്വർണമിശ്രിതവും സുബൈറിൽ നിന്ന് 1283 ഗ്രാം സ്വർണമിശ്രിതവും അടങ്ങിയ 4 വീതം ക്യാപ്‌സുലുകളാണ് പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ വന്ന അഫ്‌നാസിൽ നിന്നും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിൽ കലർത്തികൊണ്ടുവന്ന 45.69 ലക്ഷം രൂപ വിലയുള്ള 840.34 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് പുറമെ ദുബായിൽനിന്നും വന്ന എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിൽ നിന്നും 1145 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതവും കസ്റ്റംസ് പിടികൂടി.