കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ മന്ത്രി പി രാജീവിന്റെ നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഇതിനനുസരിച്ചാകും ഭാവിയില്‍ സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക.
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പിഎസ്സി വഴി നിയമനം നടത്താത്ത തസ്തികകളില്‍ കേന്ദ്രീകൃത നിയമനം നടത്താന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിക്കും. ഒഴിവുള്ള മാനേജിങ് ഡയറക്ടര്‍മാരുടെ തസ്തികകള്‍ സെലക്ഷന് ബോര്‍ഡ് വഴി നികത്താനും എംഡിമാരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനും തീരുമാനമായി. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും മന്ത്രി നിര്‍ദേശിച്ചു.
പ്രധാന തീരുമാനങ്ങള്‍
● സീനിയര്‍ ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ സംവിധാനം നടപ്പാക്കാനും പ്രതിമാസ പ്രവര്‍ത്തന അവലോകനം നടത്താനുമുള്ള സംവിധാനം നടപ്പാക്കും.
● പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്കരിക്കണം.
● വ്യവസായങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നടപടി. സര്‍വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിന് ഉടന്‍ ചര്‍ച്ച നടക്കും.
● വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നിലൊന്ന് പേര് അതാതു മേഖലകളിലെ വിദഗ്ധരാകണം.
● ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ് ഇന്‍ഡക്സില്‍ ആദ്യ 10 സംസ്ഥാനത്തിലൊന്നായി കേരളത്തെ ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കും.