തിരുവനന്തപുരം: എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ പതിനൊന്ന് മണിക്ക് നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് എം ബി രാജേഷ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മറ്റ് മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
എംബി രാജേഷിൻ്റെ വകുപ്പുകൾ സംബന്ധിച്ച് മുഖ്യമന്ത്രി തീരുമാനമെടുത്ത് ഗവർണറെ അറിയിക്കും. തദ്ദേശ, എക്സൈസ് വകുപ്പുകൾ രാജേഷിന് നൽകാനാണ് സിപിഎം തീരുമാനമെങ്കിലും വകുപ്പുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത എം വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലേക്കാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സത്യപ്രതിജ്ഞ ചടങ്ങിന് മുൻപ് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ലഭിച്ച മന്ത്രിസ്ഥാനം തൃത്താലയിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണ്. മന്ത്രിയായിരിക്കുമ്പോൾ ആ ജോലി ഭംഗിയായി നിർവഹിക്കും. സ്പീക്കര്‍ പദവിയില്‍നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്നും നല്ല അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതെ രാഷ്ട്രീയം പറയാന്‍ കഴിഞ്ഞുവെന്നത് നേട്ടമായി കാണുന്നുവെന്നും പ്രകടനപത്രിക നടപ്പാക്കുക എന്നതിനായിരിക്കും മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് രാജേഷ് കടന്നുവരുമ്പോള്‍ അപൂര്‍വമായി മാത്രം നടക്കാറുള്ള ഒരു സ്ഥാനമാറ്റം കൂടിയാണിത്. സ്പീക്കര്‍ പദവിയില്‍ ഇരുന്ന ശേഷം മന്ത്രിസ്ഥാനത്തെത്തുന്ന ആറാമത്തെ നിയമസഭാംഗമാണ് അദ്ദേഹം. സി എച്ച് മുഹമ്മദ് കോയ, വി എം സുധീരൻ, ടി.എസ് ജോൺ, പി പി തങ്കച്ചൻ, എം വിജയകുമാർ എന്നിവരാണ് ഇതിനു മുൻപ് സ്പീക്കറായ ശേഷം മന്ത്രിയായവർ.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മുൻ ദേശീയ പ്രസിഡൻ്റുമായിരുന്ന അദ്ദേഹം 2009ലും 2014ലും പാലക്കാട് എംപിയായിരുന്നു. വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തിയത്.