തിരുവനന്തപുരം: ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം എം.സി. ജോസഫൈൻ രാജിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈൻ രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഇത് പാർട്ടി നേതൃത്വം അംഗീകരിച്ചു. കാലാവധി അവസാനിക്കാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് ജോസഫൈൻ രാജി വെച്ചിരിക്കുന്നത്.
വിവാദം സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈൻ വിശദീകരണം നൽകി. തെറ്റുപറ്റി എന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ അവർ വിശദീകരിച്ചെന്നാണ് വിവരം.
സ്വകാര്യ ചാനലിൽ നടന്ന ലൈവ് ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ് എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്.
‘2014ൽ ആണ് കല്യാണം കഴിഞ്ഞത്. ഭർത്താവ് വിദേശത്ത് പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റു’ -യുവതി വനിതാ കമീഷന് േഫാണിലൂടെ നൽകിയ പരാതിയിൽ പറയുന്നു. ഇത് കേട്ട ഉടൻ, നിങ്ങൾ എന്ത് കൊണ്ട് പൊലീസിൽ പരാതി നൽകിയില്ലെന്നാണ് ജോസഫൈൻ ചോദിച്ചത്. ഞാൻ ആരെയും അറിയിച്ചില്ലെന്ന് യുവതി മറുപടി നൽകി. ഇതോടെ, ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു ജോസഫൈൻെറ മറുപടി.
പാർട്ടി അനുകൂലികൾ പോലും സമൂഹ മാധ്യമങ്ങളിലടക്കം ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും പരാമർശത്തിൽ അതൃപ്തിയുണ്ടായിരുന്നു.