ഇന്ന് സംസ്ഥാനതലത്തില്‍ വഞ്ചനദിനം ; 10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ അലവന്‍സ് പരിഷ്കരണം ഉള്‍പ്പെടെ ശമ്പളകുടിശ്ശിക നല്‍കാത്തതിലും എന്‍ട്രി കേഡര്‍, കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രമോഷന്റെ കാലയളവ് അടക്കം അപാകതകള്‍ പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് സമരങ്ങള്‍ സംഘടിപ്പിക്കാനാണ് കെ.ജി.എം.സി.ടി.എയുടെ തീരുമാനം.
ഇന്ന് സംസ്ഥാനതലത്തില്‍ വഞ്ചനദിനം ആചരിക്കും. എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫിസിനു മുന്നിലും തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫിസിനുമുന്നിലും പ്രതിഷേധജാഥയും ധര്‍ണയും നടത്തും. രോഗീപരിചരണത്തെയും അധ്യാപനത്തെയും ബാധിക്കാത്ത രീതിയിലായിരിക്കുമിത്.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ചട്ടപ്പടി സമരവും ഇന്നുമുതല്‍ നടത്തും. ഈ കാലയളവില്‍ വി.ഐ.പി ഡ്യൂട്ടി, പേവാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി മീറ്റിങ്ങുകള്‍ ബഹിഷ്കരിക്കും. അധികജോലികള്‍ ബഹിഷ്കരിക്കും. എല്ലാ ദിവസവും കരിദിനമാചരിക്കുകയും രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരണക്കുറിപ്പ് നല്‍കുകയും ചെയ്യും.
10ന് സെക്രട്ടേറിയറ്റിനു മുന്നില്‍ വൈകിട്ട് 6.30ന് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും.