കത്തോലിക്കാസഭയ്‌ക്കെതിരെ മാധ്യമങ്ങളിൽ നടക്കുന്നത് ചില പ്രത്യേക താല്പര്യങ്ങൾക്കുവേണ്ടിയുള്ള അപകടകരമായ ഗൂഢാലോചനകളാണെന്ന് തൃശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ഇതിനെതിരെ ക്രൈസ്തവർ ജാഗ്രത പാലിക്കണമെന്നും അഭിവന്ദ്യ പിതാവ് മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളിലൂടെ ചില തീവ്ര ചിന്താഗതിക്കാർ അവരുടെ പ്രത്യേക അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സിനിമകളിലൂടെയും നവമാധ്യമങ്ങളിലൂടെയുമെല്ലാം ഇക്കൂട്ടർ ക്രൈസ്തവ വിശ്വാസ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും പിതാവ് വ്യക്തമാക്കി.
ചാനൽ ചർച്ചകളിൽ സഭയുടെ കാര്യങ്ങൾ വലിച്ചിഴച്ച് അവഹേളിക്കുന്ന രീതി തീർത്തും വേദനാജനകമാണ്. സിനിമകളിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ കാണിച്ചുകൂട്ടുന്ന പല പ്രവർത്തനങ്ങളും ഒരു സമുദായത്തോട് കാണിക്കുന്ന അനീതിയാണ്. നവമാധ്യമങ്ങളിൽ വ്യാജമേൽവിലാസത്തിൽ പലരും സഭാസംവിധാനങ്ങളെ താറടിച്ചുകാണിക്കുന്നത് തികച്ചും അപലപനീയമാണ്.
ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ക്രൈസ്തവർ ഒന്നടങ്കം ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അതോടൊപ്പം ഇവയെ തടയുവാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കൂട്ടിച്ചേർത്തു.