തിരൂർ: മാധ്യമം സ്റ്റാഫ് റിപ്പോർട്ടറും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിന് (35) പൊലീസ് മർദനത്തിൽ പരിക്ക്. പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപം തിരൂർ സി.ഐ ടി.പി. ഫർഷാദാണ് ലാത്തികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും (36) മർദനമേറ്റു. റിയാസ് നാടായ പുറത്തൂർ പുതുപ്പള്ളിയിൽ വീടിന് തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് അതിക്രമം. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു. ഇൗ സമയം ഇവിടെയെത്തിയ പൊലീസ് സംഘം വാഹനം നിർത്തി കടയിലേക്ക് കയറുകയും സി.ഐയുടെ നേതൃത്വത്തിൽ റിയാസിനെ അടിക്കുകയുമായിരുന്നു.
മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ ‘നീ ഏത് മറ്റവൻ ആയാലും വേണ്ടിയില്ല, ഞാൻ സി.ഐ ഫർഷാദാണ് ആരോടെങ്കിലും ചെന്ന് പറ’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. കൈയിലും തോളിലും കാലിലുമാണ് ലാത്തികൊണ്ട് അടിയേറ്റ് മുറിവേറ്റത്.
അകാരണമായി പൊലീസ് മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ റിയാസ് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ കെ.യു.ഡബ്ല്യു.ജെ ജില്ല കമ്മിറ്റി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജുവിനെ ചുമതലപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു
മലപ്പുറം: കെ.പി.എം റിയാസിനെ അന്യായമായി പൊലീസ് മർദിച്ചതിൽ യൂനിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തോളിലും പൊട്ടലുണ്ട്. ലാത്തിയടിയേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂനിയൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
നടപടി സ്വീകരിക്കും -ജില്ലാ കലക്ടർ
തിരൂർ: മാധ്യമം സ്റ്റാഫ് റിപ്പോർട്ടറും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിന് പൊലീസ് മർദനത്തിൽ പരിക്കേറ്റ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് കലക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. പൊലീസ് മർദനത്തിൽ പരിക്കേറ്റ റിയാസുമായി സംസാരിച്ച കലക്ടർ, വിഷയം ഗൗരമാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.