സംസ്ഥാനത്തെ സാധാരണക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ആശ്വാസമേകുന്ന വമ്പൻ പ്രഖ്യാപനവുമായി വ്യവസായ മന്ത്രി പി. രാജീവ്. പാവപ്പെട്ട രോഗികൾക്ക് സൗജന്യ മരുന്നും തുടർചികിത്സയും ഉറപ്പാക്കുന്നതിനായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക മെഡിക്കൽ സ്റ്റോറുകൾ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ‘ഒപ്പം’ മെഡിക്കൽ ക്യാമ്പിന്റെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി മണ്ഡലത്തിലെ ജനങ്ങൾക്കായി നടപ്പിലാക്കുന്ന ‘ഒപ്പം’ പദ്ധതിയിലൂടെ കഴിഞ്ഞ നാല് വർഷത്തിനിടെ കാൽ ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. പദ്ധതിയുടെ നേട്ടങ്ങൾ മന്ത്രി അക്കമിട്ടു നിരത്തി.
2246 തിമിര ശസ്ത്രക്രിയകൾ, 44 പേർക്ക് സൗജന്യമായി മുട്ടുമാറ്റൽ ശസ്ത്രക്രിയ, 116 പേർക്ക് കേൾവി സഹായികൾ വിതരണം, പ്ലാസ്റ്റിക് സർജറി, സ്പെഷ്യാലിറ്റി സർജറികൾ, വിവിധ സ്കാനിംഗുകൾ എന്നിവയും സൗജന്യമായി ലഭ്യമാക്കി.
മണ്ഡലത്തെ സമ്പൂർണ്ണ ആരോഗ്യ സാക്ഷരതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചു. ചക്കരക്കൽ വാർത്ത. മണ്ഡലത്തിലെ മുഴുവൻ ആളുകൾക്കും രണ്ട് ദിവസത്തെ പ്രത്യേക സിപിആർ (CPR) പരിശീലനം നൽകും. കളമശ്ശേരിയെ തിമിരരഹിതമാക്കുന്നതിനായി ക്യാമ്പിന് ശേഷവും പ്രാദേശിക തലത്തിൽ പരിശോധനകൾ തുടരും. ബി.പി.സി.എൽ, ഐ.എം.എ എന്നിവയുടെ സഹകരണത്തോടെ കൊച്ചിയിലെ പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ഉറപ്പാക്കുന്നത്.
കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Mediawings:

