പരിചയം ഇന്‍സ്റ്റാഗ്രാമിലൂടെ; നടന്നത് ആസൂത്രിത കൊലപാതകം

പ്രണയ നൈരാശ്യത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖില്‍ നെല്ലിക്കുഴിയില്‍ കൊല്ലപ്പെട്ട മാനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം.

മാനസ താമസിച്ച വീടിനു മുന്നില്‍ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാല്‍ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രഖില്‍ പരിചയപ്പെടുത്തിയത്.

ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടില്‍ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച്‌ കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരില്‍ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വര്‍ഷ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം.

കൂട്ടുകാരികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖില്‍ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖില്‍ തലശേരി സ്വദേശിയാണെന്നാണ് വിവരം. ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് വിവരം.

പിന്നീട് മാനസയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. അന്ന് രാഖിലിന്‍റെ മാതാപിതാക്കളും ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. രഖിലിനെക്കുറിച്ച്‌ മാനസ നേരത്തെ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നാണ് സഹപാഠികള്‍ മൊഴിനല്‍കിയിരിക്കുന്നത്.

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാള്‍ തലശേരിയില്‍ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയില്‍ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു. രണ്ട് വെടിയാണ് മാനസിക്ക് ഏറ്റത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്. രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്.

വെടിയുണ്ട ശരീരത്തില്‍ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയര്‍ ഗണ്‍ ഉപയോഗിച്ച്‌ ഇത്തരത്തില്‍ വെടിയുതര്‍ക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തുമെന്ന് റൂറല്‍ എസ്പി കെ.കാര്‍ത്തിക്ക് പറഞ്ഞു.

spot_img

Related Articles

Latest news