മദീനയും വികസിപ്പിക്കുന്നു; റുആ അല്‍ മദീന പദ്ധതിയുമായി സൗദി, ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി

റിയാദ്: പ്രവാചക നഗരമായ മദീനയെ ലോകോത്തര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനും രാജകുമാരന്‍ പ്രകാശനം ചെയ്തു. പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയുടെ കിഴക്ക് ഭാഗത്തായാണ് പദ്ധതി നടപ്പിലാക്കുക. റുആ അല്‍ മദീന ഹോള്‍ഡിംഗ് കമ്പനി വികസന പദ്ധതിക്ക് നേതൃത്വം നല്‍കും. കിരീടാവകാശിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് മദീന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.


2030ഓടെ 30 ലക്ഷം തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകും

പദ്ധതി പൂര്‍ത്തിയാകുന്നതോടെ 30 ദശലക്ഷം തീര്‍ഥാടകരെ ഉള്‍ക്കൊള്ളുവാന്‍ മദീനയ്ക്ക് സാധിക്കും. ഏറ്റവും മികച്ച രീതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് കിരീടവകാശി പറഞ്ഞു. 2030ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വിശ്വാസികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2030 ഓടെ 30 ദശലക്ഷം തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയിലേക്ക് മദീന നഗരി ഉയരുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. 1.5 ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് പദ്ധതി നടപ്പിലാക്കുക. മദീന ആഗോള ഇസ്ലാമിക സാംസ്‌ക്കാരിക കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.

47,000 ഹോട്ടല്‍ മുറികള്‍ ഒരുക്കും

ഇതില്‍ 2030ഓടെ തീര്‍ഥാടകര്‍ക്ക് താമസിക്കുവാനായി ആഢംബര മുറികള്‍ ഉള്‍പ്പെടെയുള്ള 47,000 ഹോട്ടല്‍ മുറികള്‍ നിര്‍മ്മിക്കും. പ്രതിവര്‍ഷം മൂന്നു കോടിയിലേറെ ആളുകള്‍ക്ക് സന്ദര്‍ശനം നടത്താനാകും വിധം മദീന നഗരത്തെ വികസിപ്പിക്കും. പദ്ധതിയുടെ ഭാഗമായി 83,000 ചതുരശ്ര മീറ്റര്‍ മേഖല പൂര്‍ണമായും മരങ്ങളും ചെടികളും വെച്ച് പിടിപ്പിക്കും. ഇത് ആകെ പദ്ധതി പ്രദേശത്തിന്റെ 63 ശതമാനത്തോളം വരും. സന്ദര്‍ശകരുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഒന്‍പത് ബസ് സ്റ്റോപ്പുകള്‍, ഒരു മെട്രോ ട്രെയിന്‍ സ്റ്റേഷന്‍, സ്വയം ഓടിക്കുന്ന വാഹനങ്ങള്‍ക്കുള്ള ട്രാക്ക്, ഭൂഗര്‍ഭ പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെടെ നിരവധി ഗതാഗത സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

93,000ത്തിലേറെ പേര്‍ക്ക് തൊഴിലവസരങ്ങള്‍

അല്‍ റുആ പദ്ധതിയിലൂടെ നേരിട്ടും അല്ലാതെയുമായി 93,000ത്തിലേറെ തൊഴിലവസങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പദ്ധതിയുടെ സിഇഒ അഹ്മദ് അല്‍ ജുഹനി അറിയിച്ചു. പദ്ധതി പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിന്റെ 180 ബില്യന്‍ റിയാലിന്റെ വര്‍ധന രാജ്യത്തിന്റെ ജിഡിപി കൈവരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 2030ല്‍ പദ്ധതി പൂര്‍ത്തിയാവുന്നതു വരെയുള്ള കാലഘട്ടങ്ങളില്‍ വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. താമസ സൗകര്യത്തിനൊപ്പം നിരവധി വ്യാപാര സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.

spot_img

Related Articles

Latest news