കണ്ണൂർ ∙ കാത്തിരിപ്പിനൊടുവിൽ മംഗളൂരുവിലേക്കുള്ള മെമു (മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) സർവീസ് നാളെ തുടങ്ങും. പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിക്കുന്നത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ പാലക്കാട് എത്തിച്ചു. ഇന്നു രാത്രിയോടെ കണ്ണൂരിൽ എത്തും. നാളെ രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ്. നിലവിൽ കണ്ണൂർ –മംഗളൂരു ട്രെയിൻ സർവീസ് നടത്തുന്നതുപോലെ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ആയാണ് മെമുവും സർവീസ് നടത്തുക.കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ മെമു സർവീസ് തുടങ്ങുന്നത് കൂടുതൽ ട്രെയിനുകൾ മെമു റേക്കിലേക്കു മാറുന്നതിനു വഴിയൊരുക്കും. 3 ഫെയ്സ് മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനിൽ പാലക്കാട് മാത്രമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരിക്കൽ റേക്കുകൾ പാലക്കാട്ടെ മെമു കാർ ഷെഡിൽ എത്തിച്ച് പരിശോധനകൾ നടത്തേണ്ടതുണ്ട്. പാലക്കാട്ടേക്കുള്ള ഈ ഓട്ടം മറ്റൊരു ട്രെയിൻ സർവീസായി മാറ്റാനാണ് റെയിൽവേ ആലോചിക്കുന്നത്. രാവിലെ 5.45നു കണ്ണൂരിൽ നിന്നു പുറപ്പെട്ടിരുന്ന കോയമ്പത്തൂർ പാസഞ്ചറിന്റെ സമയത്ത് അൺറിസർവ്ഡ് സ്പെഷൽ എക്സ്പ്രസായി മെമു ഓടിച്ചാൽ റേക്കുകൾ പാലക്കാട്ട് എത്തിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ സാധിക്കും. ഇതിനായി മറ്റൊരു മെമു റേക്ക് കൂടി ഒരാഴ്ചയ്ക്കകം പാലക്കാട്ട് എത്തുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.നേരത്തേ പാസഞ്ചറുകൾ സർവീസ് നടത്തിയിരുന്ന സമയങ്ങളിലെല്ലാം ഭാവിയിൽ മെമു റേക്കുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക.
മെമു റേക്കുകൾ എത്തുന്നതോടെ സർവീസുകളുടെ എണ്ണം ആവശ്യമെങ്കിൽ വർധിപ്പിക്കാനും സാധിക്കും.
Mediawings: