21 വർഷങ്ങൾക്ക് ശേഷം മെസ്സി ബാഴ്‌സയുടെ പടിയിറങ്ങുന്നു

മാഡ്രിഡ് : സൂപ്പര്‍താരം ലയണല്‍ മെസ്സി ടീം വിടുകയാണെന്ന് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബാഴ്‌സലോണയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് മെസ്സി ടീം വിടുന്ന കാര്യം ക്ലബ് സ്ഥിരീകരിച്ചത്. കരാര്‍ പുതുക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. ഇതോടെയാണ് താരം ഇനി തിരിച്ചുവരില്ലെന്ന് ക്ലബ് അറിയിച്ചത്.

സാമ്പത്തികവും സാങ്കേതികവുമായ തടസ്സങ്ങള്‍ കാരണം കരാര്‍ പുതുക്കാന്‍ കഴിയാത്തതിനാല്‍ ലയണല്‍ മെസ്സി ക്ലബ് വിടുകയാണെന്ന് ബാഴ്‌സലോണ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മെസ്സി ബാഴ്‌സ വിടുന്നത്. ബാഴ്‌സലോണയുടെ പുരോഗതിയില്‍ മെസ്സി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു. എല്ലാ ആശംസകളും നേരുന്നതായും വാര്‍ത്താക്കുറിപ്പില്‍ എഫ് സി ബാഴ്‌സലോണ പറഞ്ഞു.

13-ാം വയസ്സില്‍ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വര്‍ഷത്തോളമാണ് തുടര്‍ന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന മെസ്സി 2003ല്‍ തന്റെ 16-ാം വയസ്സിലാണ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്. ബാഴ്‌സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായി മെസ്സി കളത്തിലിറങ്ങി. 672 ഗോളുകളും ബാഴ്‌സയ്ക്കായി നേടി.

കരാര്‍ കാലാവധി അവസാനിച്ചതോടെ ജൂലൈ ഒന്നു മുതല്‍ മെസ്സി ഫ്രീ ഏജന്റായിരുന്നു. മെസ്സിയുടെ പുതിയ തട്ടകം ഏതായിരിക്കുമെന്ന് വ്യക്തമല്ല. ബ്രസീലിയന്‍ താരം നെയ്മര്‍ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും മുന്‍ ബാഴ്‌സ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്കുമാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

spot_img

Related Articles

Latest news